- സി പി എം പ്രവർത്തകരുടെ കൊലയ്ക്ക് നേതൃത്വം നല്കിയ ആർ.എസ്.എസ് നേതാവിനെ കണ്ണൂരിൽ പിണറായി വിജയൻ സി പി എമ്മിലേക്ക് മാലയിട്ടു സ്വീകരിച്ചേപ്പോൾ ബാബരി മസ്ജിദ് രാഷ്ട്രീയവും മതേതര രാഷ്ട്രീയവുമൊക്കെ എവിടെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസിൽനിന്ന് ആരെങ്കിലും ബി ജെ പിയിൽ ചേർന്നാൽ അതിൽ സന്തോഷിക്കുകയും കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്യുന്ന സി പി എം നേതാക്കൾ, ബി ജെ പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് ആളുകൾ വരുമ്പോൾ അസ്വസ്ഥപ്പെടുന്നത് എന്തിനാണെന്നും വി.ഡി സതീശൻ
കൊച്ചി: ബി.ജെ.പിക്കാർ സി.പി.എമ്മല്ലാത്ത മറ്റൊരു പാർട്ടിയിലും ചേരരുതെന്നാണോ മുഖ്യമന്ത്രിയുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിന് മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
കോൺഗ്രസിൽനിന്ന് ആരെങ്കിലും ബി ജെ പിയിൽ ചേർന്നാൽ അതിൽ സന്തോഷിക്കുകയും കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്യുന്ന സി പി എം നേതാക്കൾ, ബി ജെ പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് ആളുകൾ വരുമ്പോൾ അസ്വസ്ഥപ്പെടുന്നത് എന്തിനാണ്?
ആർ.എസ്.എസുകാർ അവിടെത്തന്നെ തുടരണമെന്നാണോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്? ബി ജെ പിയുടെ ശബ്ദവും മുഖവുമായിരുന്ന ഒരാൾ കോൺഗ്രസിൽ ചേർന്നപ്പോൾ ബി ജെ പിക്കില്ലാത്ത പ്രശ്‌നമാണ് സി പി എമ്മിന്. പിണറായി വിജയൻ സാദിഖലി തങ്ങളെ വിമർശിച്ചത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണെന്നും വി ഡി സതീശൻ ആരോപിച്ചു.
സി പി എം പ്രവർത്തകരുടെ കൊലയ്ക്ക് നേതൃത്വം നല്കിയ ആർ.എസ്.എസ് നേതാവിനെ കണ്ണൂരിൽ പിണറായി വിജയൻ സി പി എമ്മിലേക്ക് മാലയിട്ടു സ്വീകരിച്ചല്ലോ. അപ്പോൾ ബാബരി മസ്ജിദ് രാഷ്ട്രീയവും മതേതര രാഷ്ട്രീയവുമൊക്കെ എവിടെപ്പോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സന്ദീപ് വാര്യർ മിടുക്കനാണ്, സത്യസന്ധനാണ്, ക്രിസ്റ്റൽ ക്ലിയറാണ് എന്നൊക്കെ ആദ്യമേ സർട്ടിഫിക്കറ്റ് നൽകിയത് സി.പി.എം നേതാക്കളാണ്. അദ്ദേഹം പാർട്ടിയിലേക്ക് വന്നാൽ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെ പറഞ്ഞു. ഇപ്പോൾ, ഞങ്ങളുടെ പാർട്ടിയിൽ ചേരാത്തതിനാൽ ഇയാൾ വലിയ കുഴപ്പക്കാരനാണെന്നാണ് സി.പി.എം നേതാക്കളുടെ കണ്ടുപിടുത്തം.
മന്ത്രി എം.ബി രാജേഷിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയുകയാണ്. സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയതയുടെ കാളിയനാണെന്നാണ് മന്ത്രി രാജേഷിന്റെ ആരോപണം. സി.പി.എമ്മിൽ ചേർന്നിരുന്നെങ്കിലോ? എന്താകുമായിരുന്നു അവകാശവാദങ്ങൾ. നേരത്തെ സന്ദീപിനെ സ്വാഗതം ചെയ്തവരാണ് ഇവരെല്ലാം. മന്ത്രിമാരെല്ലാം ഇഷ്ടിക ബുദ്ധിജീവികളാവുകയാണ്.
സന്ദീപ് വാര്യരെ ഒരിക്കലും പിന്നിൽ നിർത്തില്ല. സന്ദീപിന്റെ പാർട്ടി പ്രവേശം നേരത്തെ തീരുമാനിച്ച കാര്യമാണ്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകൾ കോൺഗ്രസിലേക്ക് വരുമെന്നും പിണറായിയും സംഘവും മോങ്ങിയിട്ട് കാര്യമില്ലെന്നും വി ഡി സതീശൻ ഓർമിപ്പിച്ചു.