- ഒരു സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റതിന് എന്തിനാണ് ജനങ്ങളുടെ നേരെ കുതിര കയറുന്നതെന്ന് ചോദ്യം
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ജില്ലാ ഹർത്താലിനിടെ കോഴിക്കോട്ടും ജില്ലയുടെ മലയോര പ്രദേശമായ മുക്കത്തും സംഘർഷം.
കോഴിക്കോട്ട് ഹർത്താലിനിടെ സമരാനുകൂലികളും പോലീസും തമ്മിൽ സംഘർഷമുണ്ടായി. മൊഫ്യൂഷ്യൽ സ്റ്റാൻഡിൽ ബസ് ജീവനക്കാരും കോൺഗ്രസ് പ്രവർത്തകരും തമ്മിലും സംഘർഷമുണ്ടായി. പ്രവർത്തകർ ബസ് തടഞ്ഞത് ചോദ്യം ചെയ്തതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്.
യാത്രക്കാരെ പ്രതിഷേധവുമായി സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ ബസിൽ നിന്ന് ഇറക്കിവിട്ടു. ബസ് തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അസ്റ്റ് ചെയ്തു നീക്കി. തുടർന്ന് ഡി.സി.സിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഹർത്താൽ അനുകൂലികളുടെ പ്രകടനമുണ്ടായി.
പലേടത്തും ഹർത്താൽ അനുകൂലികളുടെ ഭീഷണിയിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. മുക്കത്ത് സമരാനുകൂലികൾ ബസുകൾ തടയുകയും കടകൾ അടപ്പിക്കുകയുമുണ്ടായി. യാത്രക്കാർക്കുനേരെ കൈയ്യേറ്റ ശ്രമവുമുണ്ടായി. കെ.എസ്.ആർ.ടി.സി ബസുകൾ അടക്കം തടയാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. സംഭവത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സമാധാനപരമായി സർവീസ് നടത്തിയെങ്കിലും പിന്നീട് ഇതിനെതിരേ ഭീഷണിയുമായി ഹർത്താൽ അനുകൂലികൾ രംഗത്തിറങ്ങുകയായിരുന്നു. നേരത്തെ അറിയിച്ചിട്ടും സഹകരിച്ചില്ലെന്ന പ്രകോപനപരമായാണ് കോൺഗ്രസ് പ്രവർത്തകരുടെ ഇടപെടൽ. തുടർന്ന് ദീർഘദൂര ബസ് യാത്രക്കാർ അടക്കം പലേടത്തും കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
പതിവുപോലെ പാൽ, പത്രം, ആംബുലൻസ് തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയെങ്കിലും കോൺഗ്രസിന്റെ നശീകരണ പ്രകോപന ചെയ്തികളോട് പൊതുവെ വൻ പ്രതിഷേധമാണുയരുന്നത്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനും ഹർത്താൽ വിജയമാക്കാനും കോൺഗ്രസ് നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നേരത്തെ വ്യക്തമാക്കിയതാണ്.
ഹർത്താൽ അടക്കമുള്ള ജനവിരുദ്ധ നയങ്ങളോട് പൊതുവെ വിയോജിപ്പുള്ള കോൺഗ്രസ് നേതൃത്വം തന്നെ ജനദ്രോഹ സമീപനം സ്വീകരിച്ചതിൽ കടുത്ത വിമർശങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നത്. ഒരു സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റതിന് എന്തിനാണ് ജനങ്ങളുടെ നേരെ കുതിര കയറുന്നതെന്നും കോൺഗ്രസ് തീരുമാനം തെറ്റാണെന്നും സമൂഹമാധ്യമങ്ങൾ അടക്കം ഓർമിപ്പിക്കുന്നു.