- ഹൈഫായില്‍ ഹിസ്ബുല്ല മിസൈല്‍ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്
ബെയ്‌റൂത്ത് – ഇസ്രായിലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്കു സമീപം ലൈറ്റ് ബോംബ് ആക്രമണം. മധ്യഇസ്രായിലിലെ ഖൈസാരിയയില്‍ നെതന്യാഹുവിന്റെ വസതിക്കു സമീപം രണ്ടു ലൈറ്റ് ബോംബുകളാണ് പതിച്ചത്. നെതന്യാഹുവിന്റെ വീടിന്റെ മുറ്റത്താണ് ബോംബുകള്‍ വീണത്. ഈ സമയത്ത് പ്രധാനമന്ത്രിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നില്ലെന്ന് ഇസ്രായില്‍ പോലീസും ആഭ്യന്തര സുരക്ഷാ ഏജന്‍സിയും പറഞ്ഞു.
പ്രധാനമന്ത്രിയെ വധിക്കാനും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള അക്രമത്തിന്റെയും അരാജകത്വത്തിന്റെയും പുതിയ എപ്പിസോഡ് ആണ് നെതന്യാഹുവിന്റെ വസതിക്കു നേരെയുണ്ടായ ലൈറ്റ് ബോംബ് ആക്രമണമെന്ന് ഇസ്രായിലി നിതിന്യായ മന്ത്രി യാരിവ് ലെവിന്‍ പറഞ്ഞു. ഒക്‌ടോബര്‍ 22 ന് നെതന്യാഹുവിന്റെ വസതിക്കു നേരെ ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. അന്നും നെതന്യാഹുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.
വടക്കുപടിഞ്ഞാറന്‍ ഇസ്രായിലിലെ ഹൈഫാ നഗരത്തിനു നേരെ ഹിസ്ബുല്ല നടത്തിയ ശക്തമായ മിസൈല്‍ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു സിനഗോഗിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ഇസ്രായിലി സൈന്യം അറിയിച്ചു. ഹിസ്ബുല്ല ഇസ്രായിലി സിവിലിയന്മാരെ മനഃപൂര്‍വം എങ്ങിനെ ലക്ഷ്യമിടുന്നു എന്നതിന്റെ മറ്റൊരു വ്യക്തമായ ഉദാഹരണമാണിതെന്ന് ഇസ്രായിലി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഹൈഫാ ലക്ഷ്യമിട്ട് പത്തു മിസൈലുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടതെന്നും സൈന്യം പറഞ്ഞു.
കിഴക്കന്‍ ലെബനോനിലെ ബഅല്‍ബെക്കില്‍ അല്‍ഖുറൈബ ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു കുട്ടികള്‍ അടക്കം ആറു പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഹരീക് ഗലി ഏരിയയില്‍ ഇസ്രായില്‍ ശക്തമായ വ്യോമാക്രമണം നടത്തിയതായി ലെബനീസ് നാഷണല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. പ്രദേശത്ത് ഇസ്രായില്‍ തുടര്‍ച്ചയായി മൂന്നു വ്യോമാക്രമണങ്ങളാണ് നടത്തിയതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3,452 ഉം പരിക്കേറ്റവരുടെ എണ്ണം 14,664 ഉം ആയി ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇന്നലെ ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു.