അബഹ – സ്വച്ഛവും ശാന്തവുമായ പ്രകൃതിയുടെ മടിത്തട്ടില്‍ മനസ്സും ശരീരവും കുളിരണിയിക്കാനും നയനാന്ദകരമായ പ്രകൃതിഭംഗി ആസ്വദിക്കാനും ആഗ്രഹിക്കുന്നവരെയും പ്രകൃതി സ്‌നേഹികളെയും അസീര്‍ പ്രവിശ്യയിലെ ബഹ്ര്‍ അബൂസകീനക്ക് തെക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന വാദി അല്‍റമാദയിലെ വെള്ളച്ചാട്ടങ്ങള്‍ മാടിവിളിക്കുന്നു.
പാറക്കെട്ടുകളിലൂടെ തെളിനീരുറവ തെന്നിവീഴുന്ന അഞ്ചു വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. ഈ വെള്ളച്ചാട്ടങ്ങള്‍ സുഗന്ധവൃക്ഷങ്ങളാലും ചെടികളാലും ചുറ്റപ്പെട്ടിരിക്കുന്നതായി സന്ദര്‍ശകര്‍ പറയുന്നു. വെള്ളച്ചാട്ടങ്ങളില്‍ രൂപപ്പെട്ട ശുദ്ധമായ ജലക്കുളങ്ങളില്‍ സന്ദര്‍ശകര്‍ നീന്തല്‍ പരിശീലിക്കുന്നു. ഫോല്‍വീല്‍ വാഹനങ്ങളില്‍ മാത്രമേ പ്രദേശത്ത് എത്തിപ്പെടാന്‍ കഴിയൂ. ഇതിന് പരിഹരിച്ച് ഈ പ്രദേശത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാന്‍ പാകത്തിൽ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് സന്ദര്‍ശകര്‍ ആവശ്യപ്പെടുന്നു.
പാറക്കെട്ടുകളിലൂടെ മുകളില്‍ നിന്ന് ഒഴുകുന്ന വെള്ളം, കുളങ്ങള്‍, ഹരിത വനങ്ങള്‍, സന്ദര്‍ശകര്‍ പൂച്ചെണ്ടുകളും തലയില്‍ ചുറ്റുന്ന തലപ്പാവുകളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സുഗന്ധ മരങ്ങളും ചെടികളും എന്നിവയെല്ലാം വാദി അല്‍റമാദക്ക് മാസ്മരികഭാവം നല്‍കുന്നു.
ദക്ഷിണ സൗദിയിലെ പ്രധാനവും സവിശേഷവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി വികസിപ്പിക്കാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ വാദി അല്‍റമാദയിലേക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധപതിപ്പിക്കണമെന്നും ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കണമെന്നും സന്ദര്‍ശകര്‍ പറയുന്നു.