മലപ്പുറം- ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ നാളെ പാണക്കാട്ടെത്തും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം പറഞ്ഞത്. വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് ഇനിയൊരു മൂലയിൽ ഇരിക്കേണ്ട കാര്യമില്ല. സ്നേഹത്തിന്റെ സന്ദേശവുമായി രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാം എന്നത് നല്ല കാര്യമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സന്ദീപ് വാര്യർ എടുത്തത് നല്ല തീരുമാനമാണ്. ഇനി കോൺഗ്രസിന്റെ കാലമാണ്. മറ്റേതിന്റെ കാലം കഴിഞ്ഞു. ക്രിസ്റ്റ്യൽ ക്ലിയറായ സർട്ടിഫിക്കറ്റ് സന്ദീപിന് നേരത്തെ തന്നെ സി.പി.എം നൽകിയിട്ടുണ്ട്. സി.പി.എം വിചാരിച്ചത് സന്ദീപ് വാര്യർ സി.പി.എമ്മിലേക്ക് വരുമെന്നായിരുന്നു. കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നാണ് വരാനിരിക്കുന്ന കാലഘട്ടത്തെ തരണം ചെയ്യുന്നത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണ്. യു.പിയിലെ ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതിക്ക് വരെ ഇടപെടേണ്ടി വന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിന് കേരളത്തിൽ ഒട്ടും പ്രസക്തിയില്ല. അതിനാൽ കേരളത്തിൽ ബി.ജെ.പി വേരുപിടിക്കില്ല. ഇനി കോൺഗ്രസിന്റെ കാലമാണ്. സി.പി.എമ്മിലേക്ക് പോയിട്ട് കാര്യമേയില്ല. ബി.ജെ.പിയെ ചെറുക്കാനുള്ള ശക്തി കോൺഗ്രസിനേയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.