കൊച്ചി: മലപ്പുറം ജില്ലയിലെ കോട്ടക്കൽ കുറ്റിപ്പുറം ആലിക്കൽ ജുമാമസ്ജിദിൽ വെച്ച് സഹോദരങ്ങളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒമ്പത് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. പുളിക്കൽ മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദു (45), അബൂബക്കർ (50) എന്നിവർ പള്ളിയിൽ വച്ച് കൊല്ലപ്പെട്ട കേസിലാണ് ഹൈക്കോടതി വിധി.
മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മഞ്ചേരി അഡീ. സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളായ അബ്ദു സുഫിയാൻ, യൂസഫ് ഹാജി, മുഹമ്മദ് നവാസ്, ഇബ്രാഹീം കുട്ടി, മുജീബ് റഹ്മാൻ, സെയ്തലവി, മൊയ്തീൻകുട്ടി, അബ്ദുൽറഷീദ്, ബീരാൻ എന്നിവരെയാണ് ജസ്റ്റിസ് പി.ബി സുരേഷ് കുമാർ, ജസ്റ്റിസ് സി പ്രദീപ് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്.
സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നും കുറ്റാരോപണം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ആക്രമണത്തിനിടെ പ്രതികൾക്ക് പരുക്കേറ്റത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം പ്രോസിക്യൂഷന് നൽകാനായിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
ആദ്യം ആക്രമണം നടത്തിയത് പ്രോസിക്യൂഷൻ സാക്ഷികളടക്കമുള്ളവരാണെന്ന വസ്തുത മറച്ചുവെച്ചതായും ഈ സാഹചര്യത്തിൽ സാക്ഷികളുടെ മൊഴി വിശ്വസനീയമല്ലെന്നുമുള്ള പ്രതികളുടെ വാദവും കോടതി അംഗീകരിച്ചു. തുടർന്നാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവുണ്ടായത്.
പള്ളിക്കമ്മിറ്റി അംഗങ്ങളുടെ അനുവാദമില്ലാതെ മഹല്ല് ഖാദിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കമ്മിറ്റി തർക്കത്തെ തുടർന്ന് 2008 ആഗസ്ത് 29-നാണ് രണ്ടു സഹോദരങ്ങൾ കൊല്ലപ്പെട്ടത്. പരാതിക്കാരനായ അഹമ്മദ്കുട്ടിയെന്ന കുഞ്ഞാവ ഹാജിയും കൊല്ലപ്പെട്ട അബ്ദുവും അബൂബക്കറും ജുമുഅ നമസ്‌കാരത്തിന് പള്ളിയിലെത്തിയതായിരുന്നു. പള്ളിക്കകത്ത് മാരകായുധങ്ങളുമായി എത്തിയ സംഘത്തിന്റെ ആക്രമണത്തിലാണ് അബ്ദുവും അബൂക്കറും കൊല്ലപ്പെട്ടത്. സംഘർഷത്തിൽ 13 പേർക്ക് പരുക്കേറ്റിരുന്നു.
11 പ്രതികളുണ്ടായിരുന്ന ഇരട്ടക്കൊലപാതക കേസിൽ ഒരാൾ വിചാരണക്കാലയളവിൽ മരിച്ചു. ശേഷിക്കുന്ന 10 പേർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നുത്. ഇതിൽ ഒരാൾ അപ്പീൽ കാലയളവിലും മരിക്കുകയുണ്ടായി.