ബെയ്റൂത്ത്: ലെബനോൻ തലസ്ഥാനമായ ബെയ്റൂത്തിലെ റഫീഖ് അല്‍ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ടേക്ക് ഓഫ് ചെയ്യാന്‍ വേണ്ടി വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ എയർപോർട്ടിനു സമീപം ഇസ്രായില്‍ ബോംബാക്രമണം. പറന്നുയരാന്‍ വേണ്ടി നീങ്ങിക്കൊണ്ടിരുന്ന വിമാനത്തില്‍ നിന്ന് മീറ്ററുകള്‍ മാത്രം ദൂരെയാണ് ഇസ്രായിലി ഷെല്‍ പതിച്ചത്. യാത്രാ വിമാനം പറന്നുയരുന്നതിനിടെ അല്മരീജ ഏരിയയിലാണ് ഇസ്രായില്‍ ശക്തമായ വ്യോമാക്രമണം നടത്തിയതെന്ന് ലെബനീസ് നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശത്തെ കെട്ടിടം ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ പ്രദേശത്താകെ പുകപടലങ്ങള്‍ ഉയര്‍ന്നു. വിമാനം ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ എയര്‍പോര്‍ട്ടിനു തൊട്ടുസമീപം ഇസ്രായില്‍ ഷെല്ലാക്രമണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.