റിയാദ് – പ്രതിരോധ, സൈനിക മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ജോണ്‍ ഹീലിയും റിയാദില്‍ ചര്‍ച്ച നടത്തി. സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും മേഖല നേരിടുന്ന വെല്ലുവിളികൾ നേരിടാനുള്ള സൗദി അറേബ്യയുടെയും ബ്രിട്ടന്റെയും കാഴ്ചപ്പാടുകളും സൗദി പ്രതിരോധ മന്ത്രിയുടെ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു.
ബ്രിട്ടനിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് രാജകുമാരന്‍, പ്രതിരോധ സഹമന്ത്രി എന്‍ജിനീയര്‍ ത്വലാല്‍ അല്‍ഉതൈബി, എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ക്കുള്ള പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് അല്‍ബയാരി, ലണ്ടന്‍ സൗദി എംബസി മിലിട്ടറി അറ്റാഷെ മേജര്‍ ജനറല്‍ രിയാദ് അബൂഅബാ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരനുമായും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി പ്രത്യേകം ചര്‍ച്ച നടത്തി. നാഷണല്‍ ഗാര്‍ഡ് മന്ത്രാലയ ആസ്ഥാനത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയത്. ജൂലൈയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ച് പ്രതിരോധ മന്ത്രിയായ ശേഷം ജോണ്‍ ഹീലി നടത്തുന്ന പ്രഥമ സൗദി സന്ദര്‍ശനമാണിത്. സൗദി സന്ദര്‍ശനത്തിനു മുമ്പായി വ്യാഴാഴ്ച അങ്കാറയില്‍ വെച്ച് തുര്‍ക്കിഷ് പ്രതിരോധ മന്ത്രി യാസര്‍ ഗുലെറുമായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.