ബെയ്‌റൂത്ത് – ഹിസ്ബുല്ലയും ഇസ്രായിലും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരടു വെടിനിര്‍ത്തല്‍ നിര്‍ദേശം ലെബനോനിലെ അമേരിക്കന്‍ അംബാസഡര്‍ ലിസ ജോണ്‍സന്‍ ലെബനീസ് പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെരിക്ക് കൈമാറിയതായി രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ റോയിട്ടേഴ്‌സ് നല്‍കിയില്ല. തങ്ങളുടെ സഖ്യകക്ഷികളായ ഇസ്രായിലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്ന വെടിനിര്‍ത്തലിന് മധ്യസ്ഥതക്ക് അമേരിക്ക ശ്രമിച്ചുവെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.
ഗാസ യുദ്ധത്തിന് സമാന്തരമായി അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലുകള്‍ക്കു ശേഷം സെപ്റ്റംബര്‍ അവസാനത്തോടെ ഇസ്രായില്‍ ലെബനോനില്‍ ശക്തമായ വ്യോമ, കരയാക്രമണത്തിന് തുടക്കം കുറിക്കുകയായിരുന്നു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ദൂതന്‍ ആമോസ് ഹോക്‌സ്റ്റീന്‍ മുന്നോട്ടുവെച്ച നിര്‍ദേശത്തിന് പാര്‍ലമെന്റ് സ്പീക്കര്‍ അമേരിക്കന്‍ അംബാസഡര്‍ക്ക് മറുപടി നല്‍കിയതായി സ്പീക്കറുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജദീദ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
അപ്രതീക്ഷിത സാഹചര്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളിലോ ഒരാഴ്ചക്കകമോ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സാധിക്കുമെന്ന് നബീഹ് ബെരി ശുഭാപ്തിവിശ്വാസം വെച്ചുപുലര്‍ത്തുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. യുദ്ധം നിര്‍ത്താനുള്ള കരാറുമായി ബന്ധപ്പെട്ട് ഇസ്രായിലികളുമായി അമേരിക്ക ധാരണയിലെത്തിയിട്ടുണ്ടെന്നും ലെബനീസ് അധികൃതരുമായി ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ ശ്രമിക്കുകയാണെന്നും മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കന്‍ വാര്‍ത്താ പോര്‍ട്ടലായ ആക്‌സിയോസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തു.