- പ്രതികളിൽനിന്ന് 40 കിലോ ചന്ദനത്തടിയും വാഹനവും പിടിച്ചെടുത്തു
കോഴിക്കോട്: വാട്ടർ അതോറിറ്റിയുടെ നെയിം ബോർഡ് വെച്ച് കാറിൽ ചന്ദനം കടത്താൻ ശ്രമിച്ച കേസിൽ അഞ്ചു പേർ പിടിയിൽ. കോഴിക്കോട് മലാപ്പറമ്പിലാണ് സംഭവം.
വാട്ടർ അതോറിറ്റി വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന കാറിനുള്ളിൽ ചന്ദനം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 40 കിലോ ചന്ദനത്തടികൾ പിടിച്ചെടുത്തതായി വനം വകുപ്പ് അറിയിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഷാജുദ്ദീൻ, നൗഫൽ, മണി, ശ്യാമപ്രസാദ്, അനിൽ എന്നിവരെയും പിടികൂടി.
മലാപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസ് പരിസരത്തായിരുന്നു വനംവകുപ്പ് ഇന്റലിജൻസും ഫ്ളയിങ് സ്‌ക്വാഡും പരിശോധന നടത്തിയത്. പിടിയിലായവർക്ക് വാട്ടർ അതോറിറ്റിയുമായി ബന്ധമില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
പ്രതികളെയും വാഹനവും തൊണ്ടി മുതലും താമരശ്ശേരി റെയിഞ്ച് ഓഫീസർക്ക് കൈമാറി. അതിനിടെ, പ്രതികളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് കോഴിക്കോട് കല്ലാനോട് വെച്ച് 25 കിലോയോളം ചന്ദനത്തടികളും മറ്റു രണ്ട് പ്രതികളും പിടിയിലായി. ഒരാൾ ഓടിരക്ഷപ്പെട്ടതായും വനം വകുപ്പ് വ്യക്തമാക്കി.