ദോഹ: മഹാകവി മോയിൻകുട്ടി വൈദ്യരുടെ കാവ്യ ജീവിതത്തിലേക്ക് ദൃശ്യവിരുന്നൊരുക്കി നാടക സൗഹൃദം ദോഹ സംഘടിപ്പിക്കുന്ന ഇശലുകളുടെ സുൽത്താൻ’ ലൈറ്റ് ആന്റ് സൗണ്ട് ഷോ നവംബർ 21 (വ്യാഴാഴ്ച) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദോഹയിലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക സൗഹൃദം പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ വ്യാഴാഴ്ച വൈകുന്നേരം 6 30ന് പരിപാടി സംഘടിപ്പിക്കുന്നത്.
ദോഹയിലെ 150 കലാകാരന്മാർ അരങ്ങത്തെത്തുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോ രണ്ടേമുക്കാൽ മണിക്കൂർ നീണ്ടുനിൽക്കുമെന്ന് സംഘാടകർ പറഞ്ഞു. മഹാകവി മോയിൻകുട്ടി വൈദ്യരുടെ കാവ്യ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പരിപാടി 32 മീറ്റർ നീളമുള്ള സ്റ്റേജിലാണ് നടക്കുക. ശ്രീജിത്ത് പൊയിൽക്കാവ് രചന നിർവഹിച്ച പരിപാടി വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് ടാഗോർ സെന്റനറി ഹാളിൽ അരങ്ങേറിയിരുന്നു.
ഇശലുകളുടെ സുൽത്താൻ ഇത് മൂന്നാമത്തെ വേദിയായാണ് ദോഹയിൽ എത്തുന്നതെന്ന് സംഘാടകർ പറഞ്ഞു. കാളപ്പോര്, ജിന്ന് ഇറങ്ങൽ തുടങ്ങിയവ ദൃശ്യവൽക്കരിക്കാൻ ശ്രമിക്കും. മോയിൻകുട്ടി വൈദ്യരുടെ ഗാനങ്ങളെ കോർത്തിണക്കുന്ന പരിപാടിയിൽ ഒപ്പന, കോൽക്കളി, ദഫ് മുട്ട് തുടങ്ങിയ കലാപരിപാടികളും സംയോജിപ്പിക്കും. എംഇഎസ് ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇശലുകളുടെ സുൽത്താൻ മജീദ് സിംഫണിയാണ് സംവിധാനം ചെയ്യുന്നത്. സിദ്ദീഖ് വടകരയാണ് സഹസംവിധായകൻ. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും എന്നാൽ പാസ് മുഖേനെ നിയന്ത്രിക്കുമെന്നും സംഘാടകർ പറഞ്ഞു.
നവംബർ 22 വെള്ളിയാഴ്ച ഇതേ വേദിയിൽ വച്ച് സിംഫണി ദോഹയുടെ പതിനഞ്ചാം വാർഷികവും നടക്കും. ഇന്ത്യയിൽ ചോട്ടാ റാഫി എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത ഗയകൻ നയിക്കുന്ന ഗാനമേളയിൽ ദോഹയിലെ വേദികളിലൂടെ വളർന്നുവന്ന ഗായകരായ കേരള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ ഗായിക നിത്യ മാമനും ശ്രുതി ശിവദാസും പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ നാടക സൗഹൃദം ദോഹ പ്രസിഡന്റ് മജീദ് സിംഫണി, സിംഫണി മാനേജർ അനസ് മജീദ്, അൻവർ ബാബു, സിദ്ദിഖ് വടകര, ബാവ വടകര, നവാസ്, ഗഫൂർ കാലിക്കറ്റ് റഫീഖ് മേച്ചേരി തുടങ്ങിയവർ പങ്കെടുത്തു.