ഡർബൻ- ആറു ദിവസത്തിനുള്ളിൽ ഇന്ത്യക്ക് വേണ്ടി രണ്ടാമതും സെഞ്ചുറി നേടിയ തിലക് വർമ്മയുടെ മികവിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പതിനൊന്ന് റൺസിന് തോൽപ്പിച്ചു. ആറു വിക്കറ്റിന് ഇന്ത്യ 219 റൺസ് നേടി. മറുപടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് സ്വന്തമാക്കിയത്. നാലു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ നിലവിൽ 2-1ന് മുന്നിലാണ്. വെള്ളിയാഴ്ചയാണ് അവസാന മത്സരം. അടുത്ത മത്സരത്തിൽ ജയിച്ചാൽ പോലും ദക്ഷിണാഫ്രിക്കക്ക് പരമ്പര സമനിലയിലാക്കാനേ കഴിയൂ. 2022 ഓഗസ്റ്റിൽ അയർലൻഡിനെ 2-0ത്തിന് തോൽപ്പിച്ച ശേഷം, ദക്ഷിണാഫ്രിക്ക ഇതേവരെ ഒരു പരമ്പര നേടിയിട്ടില്ല.
അടുത്ത പ്രധാന ടൂർണമെൻ്റിന് 15 മാസങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും പരമ്പരയിൽ രണ്ടാം തവണയും ചേസിംഗിൽ കനത്ത പരജായം ഏറ്റുവാങ്ങിയത് ദക്ഷിണാഫ്രിക്കക്ക് നൽകുന്ന ക്ഷീണം ചെറുതായിരിക്കില്ല. അതേസമയം, മലയാളി താരം സഞ്ജു സാംസൺ രണ്ടാം തവണയും ടൂർണമെന്റിൽ നിരാശപ്പെടുത്തി. ആദ്യമത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജുവിന് തുടർന്നുള്ള രണ്ടു മത്സരങ്ങളിലും സ്കോർ നേടാനായില്ല. ഈ മത്സരത്തിലും പൂജ്യത്തിനാണ് സഞ്ജു പുറത്തായത്. തുടർച്ചയായ രണ്ടു ട്വന്റി20കളിലും സെഞ്ചുറി നേടിയ ശേഷമാണ് സഞ്ജു രണ്ടു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായത്.
റൺറേറ്റ് പതിനൊന്ന് ആവശ്യമുള്ള ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിംഗിന് ഇറങ്ങിയ തുടക്കത്തിൽ തന്നെ പിന്നിലായി. പവർപ്ലേ അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്കക്ക് ഓവറിൽ 12 റൺസും അവസാന അഞ്ച് ഓവറിൽ ഓരോന്നിലും 17 റൺസും ആവശ്യമായിരുന്നു. ആ ഘട്ടത്തിൽ, ഏറ്റവും വലിയ രണ്ട് ഹിറ്റർമാർ, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ എന്നിവർ ക്രീസിൽ ഉണ്ടായിരുന്നു. ഈ കൂട്ടുകെട്ട് 35 പന്തിൽ 58 റൺസ് നേടുകയും ചെയ്തു. എന്നാൽ പാണ്ഡ്യയുടെ പന്തിൽ അക്സർ പട്ടേലിന് പിടി നൽകി മില്ലർ പുറത്തുപോയി. 18 പന്തിൽ 18 റൺസാണ് ഈ സമയത്ത് മില്ലർ നേടിയിരുന്നത്.
മാർക്കോ ജാൻസൻ 17 പന്തിൽ 54 റൺസ് സ്വന്തമാക്കി. ഹെൻറിച്ച് ക്ലാൻസൻ 22 പന്തിൽ 41 റൺസും സ്വന്തമാക്കി. റ്യാൻ റിക്കൽട്ടൺ 20, റീസ ഹെൻട്രിക് 21, എയ്ഡൻ മാർക്രാം 29 റൺസും നേടി. ഇന്ത്യക്ക് വേണ്ടി തിലക് വർമ 56 പന്തിൽ 107 റൺസ് സ്വന്തമാക്കി. ഏഴ് സിക്സും എട്ടു ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിംഗ്സ്. അഭിഷേക് ശർമ്മ 25 പന്തിൽ 50 ഉം സ്വന്താക്കി.
കേശവ് മഹാരാജ്, സിംലേൻ എന്നിവർ ഇന്ത്യയുടെ രണ്ടു വീതം വിക്കറ്റ് കൊയ്തു. ജാൻസനാണ് അവശേഷിക്കുന്ന വിക്കറ്റ്. ഇന്ത്യയുടെ അർഷദീപ് സിംഗ് മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റ് നേടി.