ജറൂസലേം – ഫലസ്തീന്‍ എന്നൊന്നില്ലെന്ന് ഇസ്രായിലിലെ അമേരിക്കന്‍ അംബാസഡറായി യു.എസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുത്ത മൈക് ഹക്കാബി പ്രസ്താവിക്കുന്ന പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കടുത്ത ഇസ്രായിലി പക്ഷപാതിയായ മൈക് ഹക്കാബിയെ ആണ് ഇസ്രായിലിലെ അമേരിക്കന്‍ അംബാസഡര്‍ പദവിയിലേക്ക് ട്രംപ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവാഞ്ചലിക്കല്‍ പാസ്റ്ററായ 69 കാരന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വീഡിയോയിലാണ് ഫലസ്തീനോ ഫലസ്തീനിയോ എന്നൊന്നില്ലെന്ന് പറയുന്നത്. ഭൂമി വിട്ടുകൊടുക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കാനുള്ള ഒരു രാഷ്ട്രീയ ഉപകരണം മാത്രമാണ് ഫലസ്തീന്‍ സ്വത്വമെന്നും മൈക് ഹക്കാബി വീഡിയോയില്‍ പറയുന്നു.
ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയാണെങ്കില്‍, അത് ഈജിപ്ത്, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലായിരിക്കണം. അല്ലാതെ ഇസ്രായിലിന്റെ അതിര്‍ത്തിക്കുള്ളിലല്ല എന്ന് ഹക്കാബി പറയുന്ന മറ്റൊരു വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വെസ്റ്റ് ബാങ്ക് എന്നൊന്നില്ല. ഇത് യഹൂദയും സമരിയയും ആണ്. ജൂതകുടിയേറ്റ കോളനികള്‍ (സെറ്റില്‍മെന്റ്) എന്നൊന്നുമില്ല. അവ സമൂഹങ്ങളും അയല്‍പക്കങ്ങളും നഗരങ്ങളുമാണ്. ഇസ്രായില്‍ അധിനിവേശം എന്നൊന്നുമില്ലെന്ന് വീഡിയോയില്‍ മുന്‍ അര്‍കന്‍സാസ് ഗവര്‍ണര്‍ കൂടിയായ മൈക് ഹക്കാബി ഇസ്രായില്‍ സന്ദര്‍ശനത്തിനിടെ പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നതിനെ ശക്തിയായി അനുകൂലിക്കുന്ന മൈക് ഹക്കാബി ദ്വിരാഷ്ട്ര പരിഹാരത്തെ എതിര്‍ക്കുന്ന പ്രമുഖരില്‍ ഒരാളാണ്. കടുത്ത ഇസ്രായിലി അനുകൂലിയും ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പ്രതിനിധിയുമായ എലിസ് സ്റ്റെഫാനിക്കിനെ (40) ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസഡറായും ട്രംപ് തെരഞ്ഞെടുത്തിട്ടുണ്ട്.