ന്യൂദൽഹി – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറും ന്യൂദല്‍ഹിയില്‍ ചര്‍ച്ച നടത്തി. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളും വ്യത്യസ്ത മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലാ, അന്താരാഷ്ട്ര പ്രശ്‌നങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. ന്യൂദല്‍ഹി സൗദി എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ജുദയ് ബിന്‍ നായിഫ് അല്‍റഖാസ്, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ദാവൂദ്, വിദേശ മന്ത്രാലയത്തില്‍ ഏഷ്യന്‍ രാജ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ നാസിര്‍ ആലുഗന്നൂം എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
മേഖലാ, അന്താരാഷ്ട്ര സഹകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് പിന്നീട് ചേര്‍ന്ന സൗദി, ഇന്ത്യ സ്ട്രാറ്റിജ് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തില്‍ സൗദി വിദേശ മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സാമൂഹിക, സാമ്പത്തിക വികസനവുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ സൗദി അറേബ്യയും ഇന്ത്യയും നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നു.
ദീര്‍ഘകാല വ്യാപാരത്തിന്റെ സവിശേഷതയുള്ള, സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള പങ്കിട്ട ചരിത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന് അടിത്തറയിട്ടു. പൊതുതാല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് സൗദി അറേബ്യക്കും ഇന്ത്യക്കും മുഴുവന്‍ മേഖലക്കും പ്രയോജനം ചെയ്യും.
പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കേണ്ട മേഖലകള്‍ ഏതൊക്കെയാണെന്ന് പഠിക്കും.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് പ്രഖ്യാപിച്ച സൗദി, ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ സര്‍വ മേഖലകളിലും പരസ്പര സഹകരണത്തിനുള്ള പുതിയ അടിത്തറയിട്ടു. പൊതുലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലുള്ള കൗണ്‍സിലിന്റെ ശേഷികളും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാ വശങ്ങളിലും മേഖലകളിലും സുസ്ഥിരമായ ഏകോപന ശ്രമങ്ങളുടെ പ്രാധാന്യം സൗദി അറേബ്യ തിരിച്ചറിയുന്നതായും സൗദി വിദേശ മന്ത്രി പറഞ്ഞു.