തിരുവനന്തപുരം- കേരളം ഉപതെരഞ്ഞെടുപ്പിന്റെ ആരവങ്ങളിൽ മുങ്ങിനിൽക്കേ വിവാദമായി സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ. പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി. സരിനെതിരായ പരാമർശം കൂടിയുള്ളതോടെ കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതത്തിൽ എന്ന പുസ്തകം വൻ വിവാദമായി. ഇത്തരത്തിൽ ഒരു പുസ്തകം താൻ പ്രസിദ്ധീകരിക്കാൻ അനുവദിച്ചിട്ടില്ലെന്നും ആത്മകഥ എഴുതുന്നതേയുള്ളൂവെന്നും ജയരാജൻ വ്യക്തമാക്കി.
അതേസമയം, ഇ.പിയുടേതായി പുറത്തുവന്ന പുസ്തകത്തിൽ വലിയ വിമർശനമാണ് അദ്ദേഹം ഉയർത്തുന്നത്. മന്ത്രിസ്ഥാനത്ത്നിന്ന് പുറത്തുപോകേണ്ടി വന്ന ഘട്ടത്തിൽ ദേശാഭിമാനിയും കൈരളിയും പിന്തുണ നൽകിയില്ലെന്നും പുസ്തകത്തിലുണ്ട്. ബി.ജെ.പി നേതാവ് പ്രകാശ് ജാവേദേക്കറുമായി നടന്ന കൂടിക്കാഴ്ച്ചയെ പറ്റിയും പുസ്തകത്തിൽ പരാമർശമുണ്ട്. അവിചാരിതമായാണ് പ്രകാശ് ജാവദേക്കറിനെ കണ്ടതെന്നും അത് വിവാദമാക്കിയതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ജയരാജൻ വ്യക്തമാക്കുന്നു.
പുസ്തകത്തിന്റെ അവസാന അധ്യായത്തിലാണ് പാലക്കാട്ട് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സരിനെതിരെ പരാമർശമുള്ളത്. സംസ്ഥാനത്ത് മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതിന്റെ അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് ഇതു കുറിക്കുന്നത്. വോട്ടെടുപ്പിനു മുമ്പ് ഇത് പ്രസിദ്ധീകരിക്കുകയാണെങ്കിൽ അതും വിവാദമായേക്കാം. ഏതായാലും അത് കഴിഞ്ഞാകും എന്നുള്ളതുകൊണ്ട് തുറന്നുപറയാമല്ലോ? അവസരവാദ രാഷ്ടീയത്തെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ പാല ക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയുടെ വിഷയവും ചർച്ചയാകുമല്ലോ. ഡോ. പി സരിൻ തലേ ദിവസംവരെ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു.
അത് കിട്ടാതായപ്പോൾ ഇരുട്ടിവെളുക്കുംമുമ്പുള്ള മറുകണ്ടം ചാടൽ. ശത്രുപാളയത്തിലെ വിള്ളൽ പരമാവധി മുതലെടുക്കണമെന്നത് നേര്. ഇത്തരത്തിൽ സ്വതന്ത്രരെ പക്ഷം നിർത്തുന്നതിനെക്കുറിച്ച് സ. ഇഎംഎസ് പലകുറി പറഞ്ഞിട്ടുണ്ട്. പല ഘട്ടത്തിലും നമുക്കത് പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാൽ അത് വയ്യാവേലിയായ സന്ദർഭങ്ങളും നിരവധിയാണ്. പി വി അൻവർ അതിലൊരു പ്രതീകം. പണ്ട്
ഉദുമയിൽ നടത്തിയ പരീക്ഷണം ഓർമ്മയിൽ വരുന്നു. കോൺഗ്രസ് റിബൽ കുഞ്ഞിരാമൻ നമ്പ്യാരെ നമ്മുടെ സ്വതന്ത്രനാക്കി. ജയിച്ചു. പക്ഷേ, മാസങ്ങൾക്കകം മറുകണ്ടം ചാടി. 1980 വരെ ഉദുമ ഒരു യുഡിഎഫ് മണ്ഡലമായാണ് കണക്കാക്കിയത്. പിഎസ്‌പി നേതാവായിരുന്ന എൻ കെ ബാലകൃഷ്‌ണനായിരുന്നു 1980 വരെ ഉദുമയെ പ്രതിനിധീകരിച്ചത്.
1980-ൽ അവിടെ ജയിച്ചത് സിപിഐ എമ്മിലെ കെ പുരുഷോത്തമനായിരുന്നു. അന്ന് എ കെ ആൻ്റണിയുടെ നേതൃത്വത്തിലുള്ള എ കോൺഗ്രസും കേരള കോൺഗ്രസ് മാണി വിഭാഗവും നമ്മുടെകൂടെയും. 1982 എ കോൺഗ്രസും മാണി കേരള കോൺഗ്രസും മുന്നണി വിട്ടപ്പോൾ നായനാർ മന്ത്രിസഭ വീണു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിലാണ് ഉദുമയിൽ സ്വതന്ത്രനെ പരീക്ഷിച്ചത്. കുഞ്ഞിരാമൻ നമ്പ്യാർ ജയിച്ചു. പക്ഷേ, 1984-ൽ രാജിവെച്ചു. തുടർന്നുനടന്ന ഉപതെരഞ്ഞെടുപ്പിലും കെ പുരുഷോത്തമൻ ജയിച്ചു. 1987-ൽ വീണ്ടും ഉദുമ നഷ്‌ടമായി.
ഈയിടെ അന്തരിച്ച കോൺഗ്രസ് നേതാവ് കെ പി കുഞ്ഞിക്കണ്ണനായിരുന്നു ജയിച്ചത്. എന്നാൽ 1991 മുതൽ 2021 വരെ നടന്ന നാല് തെരഞ്ഞെടുപ്പിലും സിപിഐ എം വിജയം ആവർത്തിച്ചു. ഇവിടെ വീണ്ടും ആ ചോദ്യമാണ്. കോൺഗ്രസ് വിട്ടുവന്ന സ്വതന്ത്രനെ പരീക്ഷിച്ചത് ഗുണം ചെയ്തോ ഇല്ലയോ എന്നതാണ്. രണ്ടുതരത്തിലും ഉദുമയെവെച്ച് വ്യാഖ്യാനിക്കാൻ കഴിയും. ഇങ്ങനെ പല സ്വതന്ത്രരുടെയും പോക്കുവരവുകൾ ഉണ്ട്. അങ്ങനെ വരുന്നവരുടെ താത്പര്യം വെറും സ്ഥാനമാനങ്ങൾ ആണോ എന്നാണ് പരിശോധിക്കേണ്ടത്. അങ്ങനെ ആകുമ്പോൾ മറിച്ചൊന്ന് ആലോചിച്ചായിരിക്കണം തീരുമാനം. സമാനമായി സരിനെ സ്ഥാനാർഥിയാക്കിയത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ.
ചേലക്കരയിൽ ഉൾപ്പെടെ ഈ കാലുമാറ്റ രാഷ്ട്രീയം ചർച്ചയാകുന്നു. അവിടെ അൻവർ സ്ഥാനാർഥിയെ നിർത്തിയത് പ്രത്യക്ഷത്തിൽ പ്രതിപക്ഷത്തിനാണ് ദോഷമെന്നു തോന്നുമെങ്കിലും എൽഡിഎഫ് വോട്ടിൽ ചോർച്ചയുണ്ടാക്കുമെന്നും കാണേണ്ടിയിരിക്കുന്നു. പാലക്കാട് അൻവറിൻ്റെ പിന്തുണ യുഡിഎഫിനായ സാഹചര്യത്തിൽ പ്രത്യേകിച്ചും. അൻവർ നടത്തുന്ന പ്രചാരണങ്ങളും എൽഡിഎഫിനെയാണ് ബാധിക്കുന്നത്. വഞ്ചനയുടെ രാഷ്ട്രീയമാണ് അൻവർ പയറ്റുന്നത്. ആദ്യഘട്ടത്തിൽ പാർട്ടി അണികളെ ഒപ്പം നിർത്തുന്ന വിധത്തിൽ വർഗീതയ്ക്കും അഴിമതിക്കും എതിരേ എന്ന തോന്നൽ ഉണ്ടാക്കി. ലക്ഷ്യം മറ്റെന്തോ ആണെന്ന് തിരിച്ചറിയാൻ വൈകി. പാർട്ടിക്കും സർക്കാരിനുമെതിരേ അവമതിപ്പുണ്ടാക്കാൻ മറ്റെന്തോ ലക്ഷ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. അൻവറിൻ്റെ പിന്നിൽ ഏതൊക്കെ തീവ്രവാദശക്തികൾ ഉണ്ടെന്ന് കാലം തെളിയിക്കും. വിദേശത്തുനിന്നുള്ള സാമ്പത്തികസ്രോതസ്സ് ഉൾപ്പെടെ പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂവെന്നും ജയരാജന്റേതായി പുറത്തുവന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, ജയരാജൻ പുസ്തകം തന്റേതല്ലെന്ന് ജയരാജൻ വ്യക്തമാക്കിയ സഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട ചർച്ചക്ക് തന്നെ പ്രസക്തിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.