റിയാദ് – ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് റിയാദില്‍ സംയുക്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കിരീടാവകാശി. ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വത്തിന് ഫലസ്തീന് അര്‍ഹതയുണ്ട്. ഫലസ്തീനികളുടെ അഭിലാഷങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സംയുക്ത ശ്രമങ്ങള്‍ തുടരേണ്ടത് പ്രധാനമാണ്. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം. ഇസ്രായില്‍ ആക്രമണത്തെ അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍ സംയുക്തമായി അപലപിച്ചിട്ടുണ്ട്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ സമാധാനകാംക്ഷികളായ കൂടുതല്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതില്‍ അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചു. ഈ സമീപനം ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള അന്താരാഷ്ട്ര പിന്തുണ വര്‍ധിപ്പിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
ഇസ്രായില്‍ കുറ്റകൃത്യങ്ങള്‍ തുടരുന്നതും മസ്ജിദുല്‍ അഖ്‌സയുടെ പവിത്രത തുടര്‍ച്ചയായി ലംഘിക്കുന്നതും ഫലസ്തീന്‍ അതോറിറ്റിയെ ദുര്‍ബലപ്പെടുത്തുന്നതും ഫലസ്തീന്‍ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ ഉറപ്പാക്കാനും മേഖലയില്‍ സമാധാനമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. ഇസ്രായിലി ആക്രമണത്തെ ചെറുക്കാനും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ പിന്തുണക്കാനും ഒരു ഏകീകൃത അറബ്, ഇസ്‌ലാമിക് നിലപാട് ഈ സംഭവവികാസങ്ങള്‍ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിലും ഫലസ്തീനികള്‍ക്കും ലെബനോനികള്‍ക്കുമെതിരായ ആക്രമണം ഉടനടി തടയുന്നതിലും ഇറാന്റെ പരമാധികാരം മാനിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കുന്നതിലുമുള്ള ഉത്തരവാദിത്തങ്ങള്‍ അന്താരാഷ്ട്ര സമൂഹം നിറവേറ്റണം.
ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായില്‍ നടത്തുന്ന വംശഹത്യയെ സൗദി അറേബ്യ ശക്തമായി അപലപിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. ഇസ്രായില്‍ ആക്രമണങ്ങളില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ വീരമൃത്യുവരിക്കുകയോ പരിക്കേല്‍ക്കുകയോ കാണാതാവുകയോ ചെയ്തു. ഫലസ്തീനില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് യു.എന്‍ റിലീഫ് ഏജന്‍സിയെ വിലക്കുന്നതിനെയും തടസ്സപ്പെടുത്തുന്നതിനെയും സൗദി അറേബ്യ അപലപിക്കുന്നു.
ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ സമാഹരിക്കാന്‍ അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍ കൂട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായി യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് ഫലസ്തീന് അവകാശമുണ്ടെന്നും ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയങ്ങള്‍ പാസാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ യൂറോപ്യന്‍ യൂനിയനുമായും നോര്‍വേയുമായും ചേര്‍ന്ന് സൗദി അററേബ്യ മുന്‍കൈയെടുത്ത് അന്താരാഷ്ട്ര സഖ്യം സ്ഥാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന രാജ്യങ്ങളും ഈ സഖ്യത്തില്‍ ചേരാന്‍ മുന്നോട്ടുവരണം.
ഫലസ്തീന്‍ ജനതക്കെതിരായ ഇസ്രായില്‍ ആക്രമണം തുടരുന്നതിന്റെയും ലെബനോന്‍ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്. ലെബനോന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. മേഖലാ സ്ഥിരത ഉറപ്പാക്കാനും പൊതുവെല്ലുവിളികള്‍ നേരിടാനും അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍ ആഗോള തലത്തില്‍ പരസ്പര ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ലെബനോനില്‍ ഇസ്രായില്‍ നടത്തുന്ന സൈനിക ആക്രമണങ്ങളെയും ലെബനോന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്നതിനെയും ലെബനോനികളെ കുടിയൊഴിപ്പിക്കുന്നതിനെയും അപലപിക്കുന്നു. ഇസ്രായിലി ആക്രമണത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ സൗദി അറേബ്യ ഫലസ്തീനിലെയും ലെബനോനിലെയും സഹോദരങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കും.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി, സുഡാന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍ബുര്‍ഹാന്‍, സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ്, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ്, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് തുടങ്ങിയ നേതാക്കള്‍ ഉച്ചകോടിയില്‍ സംബന്ധിച്ചു.