ജിദ്ദ – രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് നടത്തിയ 826 പേരെ കഴിഞ്ഞ മാസം പിടികൂടിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ഇതോടെ ഏഴു മാസത്തിനിടെ എയര്‍പോര്‍ട്ടുകളില്‍ ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് നടത്തി പിടിയിലായവരുടെ എണ്ണം 8,376 ആയി. രാജ്യത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും ഇരുപത്തിനാലു മണിക്കൂറും സേവനം നല്‍കുന്ന ലൈസന്‍സുള്ള ടാക്‌സി കമ്പനികളുമായി മാത്രം യാത്രക്കാര്‍ സഹകരിക്കണമെന്ന് ട്രാൻസ്പോർട്ട് അഥോറിറ്റി ആവശ്യപ്പെട്ടു.
കാര്യക്ഷമതക്കും ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായാണ് ഈ കമ്പനികള്‍ സേവനം നല്‍കുന്നത്. രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ 3,600 ലേറെ ടാക്‌സി കാറുകളും 54 റെന്റ് എ കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. ഇവക്കു പുറമെ ലൈസന്‍സുള്ള ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ സേവനവും ലഭ്യമാണ്. മറ്റു നിയമാനുസൃത ഗതാഗത ഓപ്ഷനുകളും എയര്‍പോര്‍ട്ടുകളില്‍ ലഭിക്കും.
ലൈസന്‍സില്ലാതെ എയര്‍പോര്‍ട്ടുകളില്‍ ടാക്‌സി സര്‍വീസുകള്‍ നടത്തുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ചുമത്തും. കാറുകള്‍ കസ്റ്റഡിയിലെടുത്ത് യാര്‍ഡിലേക്ക് നീക്കാനും യാര്‍ഡില്‍ സൂക്ഷിക്കാനുമുള്ള ചെലവ് നിയമ ലംഘകരില്‍ നിന്ന് ഈടാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.