റഫീഖ് അല്‍ഹരീരിയെ വധിച്ച കേസിലെ പ്രതി സലീം അയ്യാശാണ് കൊല്ലപ്പെട്ടത്
ദമാസ്കസ് – മുന്‍ ലെബനീസ് പ്രധാനമന്ത്രി റഫീഖ് അല്‍ഹരീരിയെ കാര്‍ബോംബ് സ്‌ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയും ഹിസ്ബുല്ല നേതാവുമായ സലീം അയ്യാശ് സിറിയയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. പശ്ചിമ സിറിയയില്‍ ലെബനോന്‍, സിറിയ അതിര്‍ത്തിക്കു സമീപം ഖുസീര്‍ നഗരത്തില്‍ ഹിസ്ബുല്ല കേന്ദ്രം ലക്ഷ്യമിട്ട് നവംബര്‍ ഒമ്പതിന് ഇസ്രായില്‍ നടത്തിയ ആക്രമണത്തിലാണ് സലീം അയ്യാശ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിന് തെക്ക് സൈനബ് സിറ്റിയില്‍ ഇന്നലെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനബ് സിറ്റിയിലെ ആറു നില കെട്ടിട നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സലീം അയ്യാശ് ആണ്. സിറിയക്കാരിയായ ഒരു സ്ത്രീയും മൂന്നു മക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ലെബനീസ് കുടുംബങ്ങളും ഹിസ്ബുല്ല പ്രവര്‍ത്തകരും താമസിക്കുന്ന ആറുനില കെട്ടിടത്തിലെ ഫ്‌ളാറ്റ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്.
സിറിയയില്‍ ഹിസ്ബുല്ലയെയും ഇറാന്‍ അനുകൂല ഗ്രൂപ്പുകളെയും ലക്ഷ്യമിട്ട് ഇസ്രായില്‍ ശക്തമായ ആക്രമണമാണ് നടത്തിവരുന്നത്. ഇറാനില്‍ നിന്ന് സിറിയ വഴി ലെബനോനില്‍ ആയുധങ്ങളെത്തുന്നതും ഹിസ്ബുല്ലക്ക് ലോജിസ്റ്റിക്‌സ് വസ്തുക്കള്‍ എത്തുന്നതും തടയാനാണ് ആക്രമണങ്ങളിലൂടെ ഇസ്രായില്‍ ലക്ഷ്യമിടുന്നത്.
1963 ല്‍ ദക്ഷിണ ലെബനോനിലെ അല്‍നബ്തിയയിലാണ് സലീം അയ്യാശിന്റെ ജനനം. റഫീഖ് അല്‍ഹരീരിയെ വധിച്ച കേസില്‍ സലീം അയ്യാശും മറ്റു മൂന്നു ഹിസ്ബുല്ല പ്രവര്‍ത്തകരും കുറ്റക്കാരാണെന്ന് ഹരീരി വധക്കേസ് വിചാരണ ചെയ്യാന്‍ ലെബനോനില്‍ സ്ഥാപിച്ച പ്രത്യേക അന്താരാഷ് ട്ര കോടതി 2020 ഡിസംബറില്‍ വിധിച്ചിരുന്നു. നാലു പ്രതികളുടെയും അഭാവത്തിലാണ് കോടതി കേസില്‍ വിധി പ്രസ്താവിച്ചത്. 2005 ഫെബ്രുവരി 14 ന് ആണ് കാര്‍ബോംബ് സ്‌ഫോടനത്തില്‍ റഫീഖ് അല്‍ഹരീരി കൊല്ലപ്പെട്ടത്. പ്രധാനമന്ത്രിയെ വധിക്കാന്‍ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താന്‍ സലീം അയ്യാശും മറ്റു പ്രതികളായ ഹുസൈന്‍ ഉനൈസിയും ഹസന്‍ ഹബീബ് മര്‍ഇയും അസ്അദ് സ്വബ്‌റയും ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് അന്താരാഷ്ട്ര കോടതി പ്രോസിക്യൂട്ടര്‍ ഉന്നയിച്ചത്.
ബെയ്‌റൂത്തിലെ സെന്റ് ജോര്‍ജ് ഹോട്ടലിനു സമീപം റഫീഖ് അല്‍ഹരീരിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ഉഗ്രസ്‌ഫോടനമുണ്ടാവുകയായിരുന്നു. ആയിരം കിലോ ടി.എന്‍.ടി ഉപയോഗിച്ചാണ് റഫീഖ് അല്‍ഹരീരിയെ വധിച്ചത്. റഫീഖ് അല്‍ഹരീരിക്കൊപ്പം 21 പേര്‍ കൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.