മലപ്പുറം: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വി.ബി ചാലിബിനെ കണ്ടെത്തിയെങ്കിലും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്.
ഡെപ്യൂട്ടി തഹസിൽദാറെ പോക്‌സോ കേസിൽ പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, ലക്ഷങ്ങൾ തട്ടിയ മൂന്നു പേരാണ് പിടിയിലായതെന്നും കേസിന്റെ ചുരുളഴിക്കാൻ അന്വേഷണം തുടരുകയാണെന്നും തിരൂർ പോലീസ് പറഞ്ഞു.
രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35), ഫൈസൽ (43), വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഭീഷണിപ്പെടുത്തി പല തവണയായി പത്തുലക്ഷത്തി മുപ്പതിനായിരം രൂപ ചാലിബിൽനിന്ന് വാങ്ങിയതായി പറയുന്നു. തുടർന്ന് വീണ്ടും പണം നൽകിയില്ലെങ്കിൽ പോക്‌സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന മൊഴിയെത്തുടർന്നാണ് പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തിയ ചാലിബിൽനിന്നും പോലീസ് മൊഴിയെടുത്തതോടെയാണ് കേസിന്റെ ദിശ സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചത്. പോക്‌സോ കേസ് ഭീഷണിയിൽ മനം നൊന്താണ് നാടുവിട്ടതെന്ന് ചാലിബ് പറഞ്ഞതോടെ പ്രതികളെ പോലീസ് ഉടൻ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ബുധനാഴ്ച വൈകീട്ടാണ് ഡെപ്യൂട്ടി തഹസിൽദാറെ കാണാതായത്. ഭാര്യയോട് വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചതായും പറയുന്നു. പിന്നീട് വാട്‌സാപ്പിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പോലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും ഇയാൾ പറഞ്ഞുവത്രെ. എന്നാൽ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടർന്നും ഫോണിൽ ലഭ്യമല്ലാത്തതിനാലും ബന്ധുക്കൾ തിരൂർ പോലീസിൽ പരാതി നല്കുകയായിരുന്നു.
പിന്നീട് പോലീസ് അന്വേഷണം നടത്തുന്നതിനിടെ ചാലിബ് ഭാര്യയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. കൂടെ ആരുമില്ല, ഒറ്റയ്ക്കായാണെന്ന് സൂചിപ്പിച്ചതായി പറയുന്നു. താൻ സുരക്ഷിതനാണെന്നും ഉടനെ തിരിച്ചു വരുമെന്നും പറയുകയുണ്ടായി. കാണാതായതിന് ശേഷം ആദ്യം കോഴിക്കോടും പിന്നീട് ഉഡുപ്പിയിലും ഒടുവിൽ മംഗളൂരുവിലുമാണ് ചാലിബിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഏത് സാഹചര്യമാണ് ഭീഷണിക്ക് ഇടയാക്കിയതെന്നും സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.