ജിദ്ദ – ഗാസയിലും ലെബനോനിലും യുദ്ധം അവസാനിപ്പിക്കാനും സഹായ ലഭ്യത മെച്ചപ്പെടുത്താനും പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേല്‍ക്കുന്നതിനു മുമ്പ് തന്റെ ശേഷിക്കുന്ന കാലയളവില്‍ ഗാസയിലും ലെബനോനിലും യുദ്ധം അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ബ്ലിങ്കന്‍ ഉദ്ദേശിക്കുന്നതായി യു.എസ് വിദേശ മന്ത്രാലയം അറിയിച്ചു. ഗാസ, ലെബനോന്‍ യുദ്ധം അവസാനിപ്പിക്കുകയും ഗാസയില്‍ മാനുഷിക സഹായം എത്തിക്കുകയും ചെയ്യുന്നതു വരെ ഞങ്ങള്‍ പ്രവര്‍ത്തനം തുടരും.
തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജനുവരി 20 ഉച്ചക്ക് അധികാരമേല്‍ക്കുന്നതു വരെ ഈ നയങ്ങള്‍ തുടരേണ്ടത് ഞങ്ങളുടെ കടമയാണ് – അമേരിക്കന്‍ വിദേശ മന്ത്രാലയ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
അതേസമയം, ഐക്യരാഷ്ട്രസഭ വടക്കന്‍ ഗാസയിലേക്ക് അയക്കാന്‍ ശ്രമിക്കുന്ന ഭക്ഷ്യവസ്തുക്കളും വെള്ളവും ഗാസയില്‍ പ്രവേശിപ്പിക്കാന്‍ ഇസ്രായില്‍ അനുവദിക്കുന്നില്ലെന്ന് യു.എന്‍ ഓഫീസ് ഫോര്‍ ഹ്യൂമന്‍ അഫയേഴ്‌സ് പറഞ്ഞു.
വടക്കന്‍ ഗാസയില്‍ ഒരു മാസം മുമ്പ് ഇസ്രായില്‍ ആരംഭിച്ച ശക്തമായ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇസ്രായില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ച ഒരേയൊരു സഹായം ആശുപത്രി സാമഗ്രികളാണെന്ന് യു.എന്‍ അസിസ്റ്റന്റ് വക്താവ് സ്റ്റെഫാനി ട്രെംബ്ലേ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വടക്കന്‍ ഗാസയില്‍ 75,000 മുതല്‍ 95,000 വരെ ഫലസ്തീനികളെ അവരുടെ നിലനില്‍പിനുള്ള അടിസ്ഥാന വസ്തുക്കള്‍ ലഭിക്കുന്നതില്‍ നിന്ന് ആക്രമണം തടയുന്നു.
ഇസ്രായില്‍ ബോംബിംഗും ഗ്രൗണ്ട് ഓപ്പറേഷനുകളും സഹായങ്ങള്‍ ആവശ്യമുള്ളവരിലേക്ക് എത്തുന്നതില്‍ നിന്ന് റിലീഫ് പ്രവര്‍ത്തകരെ തടയുന്നു. ഗാസയുടെ ചില ഭാഗങ്ങളിലുള്ള ഫലസ്തീനികളോട് പലായനം ചെയ്യാന്‍ വ്യാഴാഴ്ച ഇസ്രായില്‍ ഉത്തരവിട്ടു. 14,000 പേര്‍ പലായനം ചെയ്യപ്പെട്ട് യു.എന്‍ റിലീഫ് ഏജന്‍സി പ്രവര്‍ത്തിപ്പിക്കുന്ന മൂന്നു അഭയകേന്ദ്രങ്ങള്‍ അടക്കമുള്ള അഭയകേന്ദ്രങ്ങളിലും മറ്റു സ്ഥലങ്ങളിലും എത്തിയതായി യു.എന്‍ പങ്കാളികളില്‍ നിന്നുള്ള പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നതായും സ്റ്റെഫാനി ട്രെംബ്ലേ പറഞ്ഞു.