തൃശൂര്‍: പാലക്കാട്ട് ബി.ജെ.പി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നും സി.പി.എമ്മുമായി ഒരു തരത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ലെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. നേതൃത്വം തന്നെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രചാരണത്തില്‍ നിന്ന് വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദ്ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെന്നും സന്ദീപ് വാര്യർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഘടനയിൽ ഒരാൾ എത്തുന്നതിൽ വലിയ തപസ്യയുണ്ട്. അതിനെ പരിഗണിക്കാതെ റദ്ദാക്കുന്ന പ്രസ്താവനകൾ വലിയ സങ്കടമുണ്ടാക്കും. ആളുകളെ ചേർത്തു നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടത്.
സന്ദീപ് തെറ്റുതിരുത്തി തിരിച്ചുവരണം എന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന ദുസ്സൂചനയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഈ പ്രശ്നം ആദ്യം അഞ്ചുദിവസം ലോകത്ത് ആരോടും പറയാതെ ഇരുന്നത് പാർട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നിൽവച്ച് സഹപ്രവർത്തകനെ അവഹേളിച്ചു കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡണ്ട് ചെയ്യേണ്ടത്.
തെരഞ്ഞെടുപ്പ് ശേഷം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത ഒരു പ്രശ്നവും ഇതേവരെ പരിഹരിച്ചിട്ടില്ല. പ്രശ്നം തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയത് ബി.ജെ.പിയുടെ വൈസ് പ്രസിഡണ്ടായ രഘുനാഥ് ആണ്. കെ സുരേന്ദ്രനെതിരെ താൻ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല.വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകൾ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ സ്ഥാനാർത്ഥിക്ക് വേണ്ടി ഗൃഹസമ്പർക്കം നടത്തിയിരുന്നു. ബി.ജെ.പി പ്രവർത്തകനായി പാർട്ടിയിൽ തുടരും.
കൃഷ്ണകുമാർ തോറ്റാൽ തന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ഉള്ള നീക്കമാണ് നടക്കുന്നത്. ജയിക്കാൻ ആണെങ്കിൽ ശോഭാസുരേന്ദ്രനോ കെ. സുരേന്ദ്രനോ മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. ഈ പ്രശ്നം പരിഹരിക്കപ്പെടരുത് എന്ന ഗൂഢോദ്ദേശമുണ്ടോ എന്ന് സംശയിക്കുന്നു. ആത്മാഭിമാനത്തിന് മുറിവേറ്റ ഒരാളെ അച്ചടക്കം പറഞ്ഞ് ഭയപ്പെടുത്തരുതെന്നും സന്ദീപ് മുന്നറിയിപ്പ് നൽകി.