റിയാദ് – സൈനിക, പ്രതിരോധ മേഖലകളില്‍ പരസ്പര സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് റിയാദില്‍ സൗദി, പാക്കിസ്ഥാന്‍ ചര്‍ച്ച. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാക്കിസ്ഥാന്‍ സേനാ മേധാവി ജനറല്‍ ആസിം മുനീറുമാണ് റിയാദില്‍ ചര്‍ച്ച നടത്തിയത്. സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധങ്ങളും സൈനിക മേഖലകളില്‍ അടക്കം ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് മുഹമ്മദ് അല്‍തുവൈജിരി, സൗദി സേനാ മേധാവി ലെഫ്. ജനറല്‍ ഫയ്യാദ് അല്‍റുവൈലി, പാക്കിസ്ഥാനിലെ സൗദി അംബാസഡര്‍ നവാഫ് അല്‍മാലികി എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും പാക് സേനാ മേധാവി പ്രത്യേകം ചര്‍ച്ച നടത്തി. സൈനിക, പ്രതിരോധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു. ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അയ്യാഫ് രാജകുമാരന്‍, സായുധസേനാ മേധാവി ലെഫ്. ജനറല്‍ ഫയ്യാദ് അല്‍റുവൈലി, പ്രതിരോധ സഹമന്ത്രി എന്‍ജിനീയര്‍ ത്വലാല്‍ അല്‍ഉതൈബി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹിശാം ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സൈഫ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.