ജിദ്ദ: പുനപ്രവാസം, അവസാനിപ്പിച്ചിട്ടും അവസാനിക്കാത്ത പ്രവാസ നൊമ്പരങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി ടോക്‌ഷോ ശ്രദ്ധേയമായി. യു.എം ഹുസൈൻ ആമുഖ പ്രഭാഷണം നടത്തി. കുറഞ്ഞ വർഷം പ്രവാസം സ്വീകരിച്ച് നാടണയമെന്ന് കരുതിയവർ ഇരുപതും മുപ്പതും വർഷമായി ഇന്നും പ്രവാസിയായി തുടരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ജീവിത സാഹചര്യം മെച്ചപ്പെടുത്തി സമ്പാദ്യശീലമുണ്ടാക്കി പ്രവാസം അവസാനിപ്പിച്ച് നാടണയാൻ പരിശ്രമിക്കണമെന്നും പുനപ്രവാസം ചർച്ചകൾ മാത്രമേ നടക്കുന്നുള്ളൂവെന്നും കൃത്യമായ പരിഹാരമാണ് വേണ്ടതെന്നും ഷിബു തിരുവനന്തപുരം ( നവോദയ ) അഭിപ്രായപ്പെട്ടു.
ചൂഷിത വർഗ്ഗമായി പ്രവാസികളെ എല്ലാവരും കാണുകയും പ്രവാസികൾ നേരിടുന്ന അവഗണനക്കെതിരെ രാഷ്ട്രീയത്തിന് അതീതമായ സംഘടിത ശക്തി രൂപപ്പെടേണ്ടതുണ്ടെന്നും ഇസ്‌ഹാഖ് പൂണ്ടോളി (കെ.എം.സിസി) പറഞ്ഞു. പുതിയ തലമുറയുടെ പുതിയ കാഴ്ചപ്പാടും പ്രവാസലോകത്തെ സാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങളുടെ ഗുണഫലം പ്രവാസം തുടരുന്നതിന് ഒരളവുവരെ പ്രചോദനമായിട്ടുണ്ടെന്ന് ഒ.ഐ.സി.സിയുടെ മുതിർന്ന നേതാവ് സി.എം അഹമ്മദ് അഭിപ്രായപ്പെട്ടു.
പ്രവാസ ചർച്ചകളിൽ ഒരിക്കൽപ്പോലും പരാമർശിക്കാത്തൊരു വാക്കാണ് പെൺപ്രവാസം, കുട്ടികളെ പോലും ഉപേക്ഷിച്ച് വന്ന് സ്വന്തം തൊഴിലിടം കണ്ടെത്തുന്നവർ, പ്രവാസിയുടെ സമ്പത്ത് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ലായെന്നത് ഒരു നഗ്നസത്യമാണെന്ന് ഷാജു അത്താണിക്കൽ ( ഗ്രന്ഥപുര ജിദ്ദ ) അഭിപ്രായപ്പെട്ടു. പ്രവാസിയുടെ ചരിത്രങ്ങൾ ഒരു ടോക് ഷോ യിലൂടെ മാത്രം ചർച്ച ചെയ്ത് തീരുന്നതല്ലെന്നും പുനരധിവാസത്തിന് ശക്തമായ നടപടികളാണ് സർക്കാർ ചെയ്യേണ്ടതെന്ന് ഇസ്മായിൽ കൂരിപ്പൊഴി ( ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ) പറഞ്ഞു.
ഒ.ഐ.സി.സി റീജ്യണൽ പ്രസിഡന്റ്. ഹക്കീം പാറക്കൽ ( മോഡറേറ്റർ )പരിപാടി നിയന്ത്രിച്ചു. സിമി അബ്ദുൽ ഖാദർ, അഷ്‌റഫ് അഞ്ചാലൻ, അസീസ് ലാക്കൽ, അലവി ഹാജി കാരിമുക്ക്, വിചേഷ് ചന്ദ്രു, റഫീഖ് മൂസ എന്നിവർ സംസാരിച്ചു. കുഞ്ഞാൻ പൂക്കാട്ടിൽ സ്വാഗതവും, കമാൽ കളപ്പാടൻ നന്ദിയും പറഞ്ഞു