മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിന്റെ അധിപന്‍മാരാണ് റയല്‍ മാഡ്രിഡ്. താരനിര കൊണ്ട് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബ്. സ്പാനിഷ് ലീഗിലെ നമ്പര്‍ വണ്‍ ടീം. ഇതെല്ലാം റയല്‍ മാഡ്രിഡിന്റെ വിശേഷങ്ങളായിരുന്നു.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടപ്പോഴും കരീം ബെന്‍സിമയും ലൂക്കാ മൊഡ്രിച്ചും ക്രൂസും ചേര്‍ന്ന് റയലിന് അതേ നിലവാരത്തില്‍ കൊണ്ടുപോയി. ബെന്‍സിമ പോയപ്പോഴും ആന്‍സലോട്ടിയും സംഘവും അതേ ഫോം തുടര്‍ന്നും. വിനീഷ്യസ് ജൂനിയറും റൊഡ്രിഗോയും കാര്‍വജലും അത് നിലനിര്‍ത്തി. ഏറ്റവും ഒടുവിൽ കിലിയൻ എംബാപ്പെയും ടീമിലെത്തി.
എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി റയല്‍ മാഡ്രിഡിന്റെ പ്രകടനം ദിനം പ്രതി താഴേക്ക് പോവുന്ന കാഴ്ചയാണ് കാണുന്നത്. യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് എസി മിലാനോട് 3-1ന് പരാജയപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് എല്‍ ക്ലാസ്സിക്കോയില്‍ ചിരവൈരികളായ ബാഴ്സലോണയോട് എതിരില്ലാത്ത നാല് ഗോളിനും പരാജയപ്പെട്ടു. രണ്ട് മല്‍സരങ്ങളും നടന്നത് റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍. റയലിന് എന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. നിലവില്‍ ചാംപ്യന്‍സ് ലീഗില്‍ 17ാം സ്ഥാനത്താണ്. സ്പാനിഷ് ലീഗില്‍ ബാഴ്സ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഒമ്പത് പോയിന്റിന്റെ ലീഡോടെയാണ്. റയല്‍ ആവട്ടെ രണ്ടാം സ്ഥാനത്തും.
കിലിയന്‍ എംബാപ്പെയെന്ന ഒന്നാം നമ്പര്‍ താരത്തെ പുതിയ സീസണില്‍ ടീമിലെത്തിച്ചിട്ടും റയലിന് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ യൂറോപ്പില്‍ ആവുന്നില്ല. റയലിന്റെ തനത് ഫോമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. 25കാരനായ എംബാപ്പെ കഴിഞ്ഞ ആറ് മല്‍സരങ്ങളില്‍ നിന്ന് റയലിനായി ഒരു തവണ മാത്രമാണ് സ്‌കോര്‍ ചെയ്തത്. എംബാപ്പെ വന്നത് മുതല്‍ ടീമിന്റെ ബാലന്‍സ് തെറ്റിയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ജൂഡ് ബെല്ലിങ്ഹാം, വിനീഷ്യസ് ജൂനിയര്‍, റൊഡ്രിഗോ, ലൂക്കാസ് വാസ്‌കസ്, കാര്‍വജല്‍ എന്നിവര്‍ തമ്മിലുള്ള ടീം കോമ്പോ നഷ്ടമായതായും ആരാധകര്‍ പറയുന്നു.
ക്യാപ്റ്റന്‍ ഡാനി കാര്‍വജലിന്റെ പരിക്കും ടീമിനെ അലട്ടുന്നുണ്ട്. ലൂക്കാസ് വാസകസും പരിക്കിന്റെ പിടിയിലാണ്. ഇത് പ്രതിരോധത്തെ കൂടുതല്‍ സമ്മര്‍ദ്ധമാക്കുന്നുണ്ട്. ഫെര്‍ലാന്റ് മെന്‍ഡി നിലവില്‍ ഫോം ഔട്ടാണ്. എഡര്‍ മിലിറ്റാവോ പൂര്‍ണ്ണ ഫിറ്റനസ് കൈവിരിച്ചിട്ടുമില്ല. ഇതെല്ലാം മാഡ്രിഡിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു. മിഡ്ഫീല്‍ഡിലെ നെടുംതൂണായ ടോണി ക്രൂസ് വിരമിച്ചതും റയലിന് വന്‍ തിരിച്ചടിയായി. മല്‍സരത്തെ പൂര്‍ണ്ണമായി നിയന്ത്രണത്തിലാക്കാന്‍ കഴിവുള്ള താരമായിരുന്നു ടോണിക്രൂസ്. ക്രൂസിന്റെ അഭാവമാണ് റയലിന്റെ മോശം ഫോമിന് കാരണമെന്ന് മുന്‍ കോച്ച് ജോര്‍ജ്ജ് വാല്‍ഡാനോ പറയുന്നു.ക്രൂസിന്റെ അഭാവം നികത്താന്‍ പുതിയ സ്‌ക്വാഡിലെ ഒരു താരത്തിന് സാധിക്കുന്നില്ല.വിനീഷ്യസ് ജൂനിയറിന്റെ സ്ഥാനമാണ് ലെഫ്റ്റ് വിങ്. എന്നാല്‍ എംബാപ്പെ വന്നത് മുതല്‍ ഈ സ്ഥാനം കോച്ച് എംബാപ്പെയ്ക്ക് നല്‍കി. ഇതും ടീമിന്റെ താളം തെറ്റാന്‍ ഇടയാക്കി.
എന്നാല്‍ താരങ്ങള്‍ മികച്ച രീതിയില്‍ പരിശീലനം നടത്തുന്നുണ്ടെന്നും ടീമിന് പ്രത്യേകമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും വരും ദിനങ്ങളില്‍ മികച്ച ഫോമോടെ തിരിച്ചെത്തുമെന്നുമാണ് കോച്ച് ആന്‍സലോട്ടി പറയുന്നത്.