ആലപ്പുഴ: റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെ ബസ്സിന് തീപിടിച്ചു. ഡ്രൈവിംഗ് സ്കൂളിൻ്റെ ബസ്സിനാണ് തീപിടിച്ചത്. ഉച്ചയ്ക്ക് 12.10 ഓടെയാണ് സംഭവം. ടെസ്റ്റ് നടക്കുന്നതിനിടെ പൊട്ടിത്തെറി ശബ്ദം കേൾക്കുകയായിരുന്നു. ബസ്സിന്റെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടെസ്റ്റിൽ പങ്കെടുക്കുകയായിരുന്ന യുവാവിനോട് പുറത്തേയ്ക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. യുവാവ് ബസ്സിൽ നിന്ന് ഇറങ്ങി മിനിറ്റുകൾക്കകം തീ ആളിപ്പടരുകയായിരുന്നു.
ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടു
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരുന്ന അംബാസഡർ കാറിനു തീപിടിച്ചു. ആലുവ- മൂന്നാർ റോഡിൽ ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോർജിന്റെ ഉടമസ്ഥതയിലുള്ള അംബാസഡർ കാറിനാണ് തീപിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തേക്കിറങ്ങി ഓടിയതിനാൽ അപകടമൊഴിവായി.
അപകടസമയത്ത് റോഡിൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വലിയ അപകടങ്ങളുണ്ടാവുന്നതിന് മുമ്പ് അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. കാർ ഭാഗികമായി കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല.