മനാമ: 46 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന പ്രവാസിക്ക് സഹായഹസ്തവുമായി പ്രവാസി ലീഗല്‍ സെല്‍ (പി എല്‍ സി) എത്തിയപ്പോള്‍ എറണാകുളം പള്ളുരുത്തി സ്വദേശിയായ പോള്‍ സേവിയറിന് കഴിഞ്ഞ ദിവസം നാട്ടിലെത്താനായി. 1978 ല്‍ കപ്പലിലാണ് പോള്‍ സേവിയര്‍ ബഹ്റൈനില്‍ എത്തിയത്. അതിനുശേഷം ഒരിക്കല്‍പോലും അദ്ദേഹത്തിന് നാട്ടിലേക്ക് തിരിച്ചു പോകാന്‍ സാധിച്ചിരുന്നില്ല.
പാസ്പോര്‍ട്ടോ മറ്റ് ഒരുതരത്തിലുള്ള ഡോക്യുമെന്‍റുകളോ അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നില്ല. മാത്രമല്ല 2011 ല്‍ അദ്ദേഹത്തിന് സംഭവിച്ച ഒരു അപകടം തലച്ചോറിനെ ബാധിക്കുകയും ഓര്‍മ്മ നഷ്ടപ്പെടുവാന്‍ ഇടയാക്കുകയും ചെയ്തു. കഴിഞ്ഞ 13 വര്‍ഷങ്ങളായി അദ്ദേഹം മുഹറക്ക് ജെറിയാട്രി ആശുപത്രിയില്‍ ആയിരുന്നു. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പി ആര്‍ ഓ യും ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്‍റുമായ സുധീര്‍ തിരുനിലത്തിന്‍റെ അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമായിട്ടാണ് പോള്‍ സേവിയറിന് നാട്ടിലേക്ക് പോകുവാനുള്ള വഴിയൊരുങ്ങിയത്.
കേരളത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകരായ ജോസ്മോന്‍ മഠത്തിപറമ്പില്‍, ഷാജു എന്നിവരും ഇതിനായി സഹായിച്ചു. തികച്ചും വെല്ലുവിളികള്‍ നിറഞ്ഞ പോള്‍ സേവിയറിന്‍റെ നാട്ടിലേക്കുള്ള യാത്ര നടത്തിയെടുക്കുവാന്‍ സഹകരിച്ച ബഹ്റൈന്‍ ഇന്ത്യന്‍ എംബസി അധികൃതരോടും, മുഹറക്ക് ജെറിയാട്രി ആശുപത്രി അധികൃതരോടും ബഹ്റൈന്‍ എമിഗ്രേഷന്‍ വിഭാഗം അധികൃതരോടും പ്രത്യേകം നന്ദി അറിയിക്കുന്നതായും സുധീര്‍ തിരുനിലത്ത് അറിയിച്ചു. ഓര്‍മ്മ നഷ്ടപ്പെട്ട പോള്‍ സേവ്യര്‍ തന്‍റെ സഹോദരനോടൊപ്പം ആയിരിക്കും നാട്ടില്‍ ശിഷ്ടകാലം ജീവിക്കുക.