- അന്വേഷണം കോൺഗ്രസ് അട്ടിമറിച്ചെന്ന് മന്ത്രി
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ഇതുവരെ പ്രതിരോധത്തിലായ യു.ഡി.എഫ്് പിടിച്ചുകയറാനുള്ള നീക്കമാണിപ്പോൾ പോലീസ് പരിശോധനയ്‌ക്കെതിരെ ഉയർത്തുന്നതെന്ന് മന്ത്രി എം.ബി രാജേഷ്.
വനിതാ നേതാക്കളുടെ മുറിയിൽ വനിതാ പോലീസില്ലാതെ നടത്തിയ പരിശോധനയാണെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളെ മാത്രമല്ല എല്ലാ വിഭാഗം നേതാക്കളുടെ റൂമിലും പരിശോധനയുണ്ടായെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ധർമരാജന്റെ പണം കിട്ടിയത്, കോൺഗ്രസിൽനിന്നുള്ള ആളുകളുടെ കൊഴിഞ്ഞുപോക്ക് അടക്കം പാലക്കാട്ടെ കോൺഗ്രസിൽ വലിയ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. ഇതെല്ലാം മറികടക്കാനുള്ള ഈ നാടകവും അമിതോത്സാഹവും ജനങ്ങൾക്ക് മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധത്തിലായ യു.ഡി.എഫ് പിടിച്ചുകയറാനുള്ള നാടകത്തിന്റെ ഭാഗമാണ് പുതിയ നീക്കങ്ങൾ. വനിത പോലീസ് എത്തിയാലേ പരിശോധിക്കാൻ കഴിയുകയുള്ളുവെന്ന് പറയുന്നത് ന്യായമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി പണമൊഴുക്കിയ വാർത്ത ഇപ്പോഴാണ് പുറത്തു വന്നത്. ഇങ്ങനെയാണോ പോലീസ് പരിശോധനയെ നേരിടേണ്ടത്. ഇത്തരമൊരു കോലാഹലമുണ്ടാക്കിയത് ദുരൂഹമാണ്. അങ്ങേയറ്റം സംശയാസ്പദമാണ്. എന്തിനാണ് ഇത്രയധികം ആളുകളെ കൂട്ടിയത്. ആളുകളെ കൂട്ടി പരിശോധന അട്ടിമറിക്കുകയായിരുന്നു കോൺഗ്രസെന്നും മന്ത്രി ആരോപിച്ചു.
എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് എന്റെ വാഹനവും പരിശോധിച്ചിട്ടുണ്ട്.
എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നത്? അത് സ്വഭാവിക കാര്യമാണ്. എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയായിട്ടും വസ്തുതകൾ വക്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നത്.
രണ്ട് വനിതാ നേതാക്കളുടെ മുറികൾ മാത്രമല്ല പോലീസ് പരിശോധിച്ചത്. വനിതാ പോലീസ് എത്തിയ ശേഷമാണ് പരിശോധ നടത്തിയതെന്നും കാര്യങ്ങൾ വളച്ചൊടിക്കരുതെന്നും മന്ത്രി പറഞ്ഞു.
ആദ്യം പരിശോധിച്ചത് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ ടി.വി രാജേഷിന്റെ മുറിയാണ്. പിന്നീട് മുതിർന്ന മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാറിന്റെ മുറിയിലാണ്. അങ്ങനെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ മുറിയിലാണ് പോലീസ് പരിശോധനയുണ്ടായതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.