പാലക്കാട്: അർധരാത്രി പാലക്കാട്ട് വനിതാ നേതാക്കളുടെ റൂം പരിശോധിച്ചതിൽ പ്രതികരണവുമായി പോലീസ്. പരിശോധനയ്ക്ക് എല്ലായ്‌പ്പോഴും വനിതാ പോലീസ് ഉണ്ടാകണമെന്നില്ലെന്നും നിയമപ്രകാരം പോലീസിന് അവകാശമുണ്ടെന്നും പാലക്കാട് എ.എസ്.പി അശ്വതി ജി ജി പ്രതികരിച്ചു.
വനിതാ നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്നലെ അർധരാത്രി ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും താമസിച്ച മുറികളിൽ ഉൾപ്പെടെ പരിശോധന നടത്തിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
റൂമിൽ സ്ത്രീയാണ് ഉള്ളതെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ അവരോട് പുറത്തിറങ്ങാൻ പറയാം. പരിശോധനാ സംഘത്തിൽ എപ്പോഴും വനിതാ പോലീസ് ഉണ്ടാകണമെന്നില്ല. പരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് വനിതാ നേതാക്കൾ പറഞ്ഞത്. ശേഷം വനിതാ ഉദ്യോഗസ്ഥർ വന്നശേഷമാണ് അവരുടെ മുറിയിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായിട്ടില്ല. പരിശോധനയുടെ പട്ടിക കൈമാറിയിട്ടുണ്ട്. ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചു. എല്ലാ പാർട്ടികളുടെയും നേതാക്കൾ താമസിച്ച മുറികൾ പരിശോധിച്ചവയിലുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാൽ ഹോട്ടലിലെ സി.സി.ടി.വികൾ പരിശോധിക്കുമെന്നും എ.എസ്.പി വ്യക്തമാക്കി.
എന്നാൽ, ചട്ടങ്ങൾ പാലിച്ചല്ല വനിതാ നേതാക്കളുടെ റൂമിൽ പോലീസ് പരിശോധനയ്ക്ക് എത്തിയതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിമർശം. വനിതാ നേതാക്കളുടെ റൂമുകളിൽ പോലീസ് അതിക്രമിച്ച് കയറിയെന്നാണ് യു.ഡി.എഫ് ആരോപണം. കോൺഗ്രസ് എന്തോ ഒളിക്കാനുണ്ടെന്നും അതിനാലാണ് സംഭവം വിവാദമാക്കുന്നതെന്നാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആരോപണം. ഇന്നലെ പാതിരാത്രിയിൽ മൂന്നര മണിക്കൂറോളമാണ് പോലീസ് നടപടിയെ തുടർന്ന് ഹോട്ടൽ പരിസരം രാഷ്ട്രീയപ്രവർത്തകരുടെ ഇടപെടൽ മൂലം പ്രക്ഷുബ്ധമായത്.