തെല്‍അവീവ് – ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിരോധ മന്ത്രി പദവിയില്‍ നിന്ന് പിരിച്ചുവിട്ട യുആവ് ഗാലാന്റ് ഗാസയില്‍ ഹമാസിനെതിരായ യുദ്ധത്തിന്റെ തന്ത്രങ്ങളും ലക്ഷ്യങ്ങളും നിര്‍ണയിക്കുകയും യുദ്ധത്തിന്റെ ഭാവി സംബന്ധിച്ച് പ്രധാനമന്ത്രിയോട് സമൂലമായി വിയോജിക്കുകയും ചെയ്ത മുന്‍ സൈനിക ജനറലാണ്. സെപ്റ്റംബറില്‍ ലെബനോനിലേക്ക് സൈനിക ആക്രമണം വിപുലീകരിക്കുന്നതിന് പിന്നിലെ ഏറ്റവും പ്രധാന ശക്തിയായി നിലയുറപ്പിച്ച ഗാലാന്റിനെ, ഇസ്രായിലിനെ രാഷ്ട്രീയമായും സൈനികമായും ഏറ്റവും കൂടുതല്‍ പിന്തുണക്കുന്ന രാജ്യമായ അമേരിക്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തിരക്കിലായ ദിവസമാണ് നെതന്യാഹു നീക്കം ചെയ്തത്. ഗാസയില്‍ ഹമാസിനെതിരായ യുദ്ധത്തിന്റെ ഫലത്തെ സംബന്ധിച്ച് നെതന്യാഹുവുമായി മാസങ്ങള്‍ നീണ്ട അഭിപ്രായ ഭിന്നതകളാണ് ഇതിലേക്ക് നയിച്ചത്. കടുത്ത നിലപാടുകള്‍ക്ക് പേരുകേട്ട, നെതന്യാഹുവിന്റെ പാര്‍ട്ടി അംഗവും, പ്രധാനമന്ത്രിയുടെ നയങ്ങളില്‍ പലതവണ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുകയും ചെയ്ത ഗാലാന്റ് ആണ് യുദ്ധം ലെബനോനിലേക്ക് വ്യാപിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിച്ചത്.
ഉത്തര അതിര്‍ത്തിയിലെ ലെബനോനില്‍ ഹിസ്ബുല്ലക്കെതിരായ യുദ്ധത്തില്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പരസ്പരം പൊരുത്തത്തിലായിരുന്നെങ്കിലും ദക്ഷിണ അതിര്‍ത്തിയിലെ ഗാസയില്‍ യുദ്ധമുന്നണിയെ കുറിച്ച് ഇരുവര്‍ക്കുമിടയില്‍ ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധം ഹമാസിനെ ദുര്‍ബലമാക്കിയെങ്കിലും ബന്ദി പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.
ഗാസയില്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന ആരോപണങ്ങള്‍ 65 കാരനായ ഗാലാന്റ് നേരിടുന്നുണ്ട്. ഗാസ യുദ്ധത്തില്‍ കഴിഞ്ഞ ദിവസം വരെ 43,391 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. യുദ്ധക്കുറ്റങ്ങളും മാനവികതക്കെതിരായ കുറ്റകൃത്യങ്ങളും നടത്തിയെന്ന് ആരോപിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യുആവ് ഗാലാന്റിനുമെതിരെ അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ കഴിഞ്ഞ മേയില്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ കോടതി അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ല.
2023 ന്റെ തുടക്കം മുതല്‍ പ്രതിഷേധങ്ങളുടെ പരമ്പരക്ക് കാരണമായ വിവാദ ജുഡീഷ്യല്‍ പരിഷ്‌കാരങ്ങളുടെയും, ഗാസയില്‍ സന്ധിയിലെത്താന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗാലാന്റ് നെതന്യാഹുവുമായി ആവര്‍ത്തിച്ച് വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഗാസയില്‍ ഹമാസിനെതിരെ സമ്പൂര്‍ണ വിജയം നേടുകയാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന്റെ പ്രാധാന്യത്തെ ഗാലാന്റ് കുറച്ചുകാണിച്ചതായും ഈ ലക്ഷ്യം വെറും വിഡ്ഢിത്തം മാത്രമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചതായും ഓഗസ്റ്റില്‍ ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബന്ദികളെ തിരിച്ചെത്തിക്കാന്‍ വേദനാജനകമായ വിട്ടുവീഴ്ചകള്‍ ഇസ്രായില്‍ ചെയ്യണമെന്നും ഗാലാന്റ് ആവശ്യപ്പെട്ടിരുന്നു. തന്നെ പിരിച്ചുവിട്ടതിനു പിന്നാലെ ഇസ്രായിലില്‍ ധാര്‍മിക അന്ധകാരം സംഭവിക്കുന്നതിനെതിരെ ഗാലാന്റ് മുന്നറിയിപ്പ് നല്‍കി. ഹമാസിന്റെ പക്കലുള്ള ബന്ദികളെ വിട്ടയക്കുന്നതിന് കരാറിലെത്തണമെന്ന ഗാലാന്റിന്റെ ആവശ്യം, 2023 ഒക്‌ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായിലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ അന്വേഷണം നടത്താന്‍ ഉന്നതതല കമ്മിറ്റി രൂപീകരിക്കണമെന്ന ആഹ്വാനം, മതതീവ്രവാദികളെ സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കുന്ന നിയമത്തിലുള്ള വിയോജിപ്പ് എന്നീ മൂന്നു പ്രധാന കാര്യങ്ങളിലാണ് നെതന്യാഹുവുമായി ഗാലാന്റിന് ഭിന്നതകളുണ്ടായിരുന്നത്.
ഗാലാന്റിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ഇസ്രായിലെങ്ങും ആയിരങ്ങള്‍ തെരുവുകളിലിറങ്ങി. നെതന്യാഹു വഞ്ചകനാണെന്നും അഴിമതിക്കാരനായ നെതന്യാഹു അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ ഇനിയുമെത്ര രക്തം ചിന്തണമെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.