തെല്‍അവീവ് – ഇസ്രായില്‍ പ്രതിരോധ മന്ത്രി യുആവ് ഗാലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിരിച്ചുവിട്ടു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായിലി സൈനിക നടപടികളുടെ മാനേജ്‌മെന്റില്‍ തനിക്ക് വിശ്വാസമില്ലെന്ന കാരണം പറഞ്ഞാണ് പ്രതിരോധ മന്ത്രിയെ നെതന്യാഹു പിരിച്ചുവിട്ടത്. ഇസ്രായില്‍ വിദേശ മന്ത്രി യിസ്‌റായില്‍ കാട്‌സിനെ പ്രതിരോധ മന്ത്രിയായും ഗിഡിയോന്‍ സാഅറിനെ വിദേശ മന്ത്രിയായും നിയമിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. പതിമൂന്നു മാസമായി ഹമാസിനെതിരെ ഇസ്രായില്‍ നടത്തുന്ന യുദ്ധത്തിന്റെ ലക്ഷ്യങ്ങളെ ചൊല്ലി മാസങ്ങളായി നെതന്യാഹുവിനും ഗാലാന്റിനുമിടയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. ഇരുവരും തീവ്രവലതുപക്ഷ കക്ഷിയായ ലികുഡ് പാര്‍ട്ടിക്കാരാണ്.
അഭിപ്രായ വ്യത്യാസത്തിനു പുറമെ, വിശ്വാസത്തിന്റെ ഒരു പ്രതിസന്ധി ക്രമേണ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ പ്രതിസന്ധി സൈനിക നടപടിയുടെ സാധാരണ രീതിയിലുള്ള മാനേജ്‌മെന്റ് തുടരാന്‍ അനുവദിക്കുന്നില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രിയെ തല്‍സ്ഥാനത്തു നിന്ന് പിരിച്ചുവിടാന്‍ താന്‍ തീരുമാനിക്കുകയായിന്നു. തങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ താന്‍ ശ്രമിച്ചു. എന്നാല്‍ ഇത് കൂടുതല്‍ വികസിക്കുകയും പരസ്യമാവുകയും ചെയ്തു. ഏറ്റവും മോശമായ കാര്യം, ശത്രു ഈ വിയോജിപ്പുകള്‍ അറിയുകയും ഈ ഭിന്നതകള്‍ ആസ്വദിക്കുകയും അവയില്‍ നിന്ന് വളരെയധികം പ്രയോജനം നേടുകയും ചെയ്തു എന്നതാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും മന്ത്രിസഭാ തീരുമാനങ്ങള്‍ക്കും വിരുദ്ധമായ വാക്കുകളും പ്രവര്‍ത്തനങ്ങളും പ്രതിരോധ മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായി – നെതന്യാഹു പറഞ്ഞു.
ഇസ്രായിലിന്റെ സുരക്ഷ ജീവിതത്തില്‍ എക്കാലവും തന്റെ ദൗത്യമായി തുടരുമെന്ന് ഇതിന് മറുപടിയായി യുആവ് ഗാലാന്റ് പറഞ്ഞു.
നെതന്യാഹുവിനും ഗാലാന്റിനുമിടയില്‍ മാസങ്ങളായി വിയോജിപ്പുകള്‍ തുടരുകയാണ്. ഇസ്രായിലിലെ വലതുപക്ഷ ഭരണ സഖ്യത്തിനകത്തെ കടുത്ത ഭിന്നതകള്‍ ഇത് പ്രതിഫലിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കുകയും ഹമാസിന്റെ പക്കലുള്ള ബന്ദികളെ തിരിച്ചെത്തിക്കുകയും ചെയ്യുന്ന കരാറിലെത്തിച്ചേരുന്നതിന് മുന്‍ഗണന നല്‍കുന്നതായി ഇസ്രായിലി സൈന്യം ഏറെ മുമ്പു മുതല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധത്തിന് വ്യക്തമായ ദിശാബോധമില്ലെന്നും ഗാലാന്റ് പറഞ്ഞു. എന്നാല്‍ ഹമാസിനെ ഗാസയിലെ ഒരു ഭരണ ഏജന്‍സിയായും സൈനിക ശക്തിയായും ഇല്ലാതാക്കുന്നതു വരെ പോരാട്ടം നിര്‍ത്താനാകില്ലെന്ന് നെതന്യാഹു ആവര്‍ത്തിച്ച് വ്യക്തമാക്കി. ജുഡീഷ്യല്‍ സംവിധാനത്തില്‍ ഭേദഗതികള്‍ വരുത്താനുള്ള സര്‍ക്കാര്‍ പദ്ധതിയെ ചൊല്ലിയുള്ള ഭിന്നതകളെ തുടര്‍ന്ന് ഗാസ യുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഗാലാന്റിനെ നെതന്യാഹു പിരിച്ചുവിട്ടിരുന്നു. ഇസ്രായില്‍ അരങ്ങേറിയ വന്‍ പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് ഗാലാന്റിനെ വീണ്ടും പ്രതിരോധ മന്ത്രിയായി നെതന്യാഹു നിയമിക്കുകയായിരുന്നു.