പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പോലീസ് നടത്തിയ പരിശോധനയിൽ സംഘർഷം. പാലക്കാട്ടെ കെ.പി.എം റെസിഡൻസിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ, കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ എന്നിവർ താമസിക്കുന്ന ഹോട്ടലിലാണ് പരിശോധന നടത്തിയത്. പുലർച്ചെ ഒന്നരയോടെയാണ് പോലീസ് പരിശോധനക്ക് എത്തിയത്.
എന്നാൽ, പോലീസ് എത്തിയതോടെ പ്രതിരോധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. തുടർന്ന് സി.പി.എം, യുവമോർച്ച പ്രവർത്തകരും സ്ഥലത്തെത്തി. പരിശോധന കഴിയുന്നത് വരെ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ എന്നിവരെ ഹോട്ടലിലേക്ക് കടത്തി വിടരുത് എന്നാവശ്യപ്പെട്ടാണ് സി.പി.എം-യുവമോർച്ച നേതാക്കൾ എത്തിയത്. കോൺഗ്രസ് നേതാക്കൾ എന്തോ ഒളിക്കാനായി ബഹളം സൃഷ്‌ടിക്കുകയാണെന്നും ഇവരെ മാറ്റി എല്ലാ മുറിയിലും പരിശോധന നടത്തണമെന്നും സ്ഥലത്തെത്തിയ എ.എ റഹീം എം.പി ആവശ്യപ്പെട്ടു. ഷാനി മോൾ ഉസ്മാൻ പോലീസിനെ മർദ്ദിച്ചുവെന്നും റഹീം ആരോപിച്ചു.
എന്നാൽ തെരഞ്ഞെടുപ്പ് കാലത്തെ സ്വാഭാവിക പരിശോധന മാത്രമാണെന്നും പരിശോധനയിൽ ഒന്നും ലഭിച്ചില്ലെന്നും എ.എസ്.പി അശ്വതി ജിജി പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിശോധന നടത്തിയതെന്നും എല്ലാ മുറിയിലും പരിശോധന നടത്തിയെന്നും എ.എസ്.പി പറഞ്ഞു. പരിശോധന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിഞ്ഞില്ലെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ രാവിലെ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു.