ദുബായ്. യുഎഇയില്‍ പ്രവാസി പ്രൊഫഷനലുകളുടെ കുത്തൊഴുക്ക് കാരണം വിവിധ ജോലികള്‍ക്ക് ശമ്പളം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് തൊഴില്‍നൈപുണ്യമുള്ളവര്‍ വര്‍ധിച്ചു വരുന്നതായും റിക്രൂട്ട്‌മെന്റ് കണ്‍സല്‍ട്ടന്‍സിയായ റോബര്‍ട്ട് ഹാഫിന്റെ സാലറി ഗൈഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ പ്രൊഫഷനുകളില്‍ തുടക്ക ശമ്പളത്തില്‍ പ്രതിവര്‍ഷം 0.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടാകുന്നത്. വര്‍ധിച്ചു വരുന്ന ജീവിതച്ചെലവുകള്‍ കാരണം പകുതിയിലേറെ ജോലിക്കാരും അടുത്ത വര്‍ഷം പുതിയ ജോലികളിലേക്ക് മാറാനായി ഒരുങ്ങിയിരിക്കുകയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ശമ്പളം ഏറ്റവുമധികം കുറയുന്നത് ഫിനാന്‍സ്, അക്കൗണ്ടിങ്, ഹ്യുമന്‍ റിസോഴ്‌സ് ജോലികളിലാണ്. ഈ ജോലികളിലെ തുടക്ക ശമ്പളം 2.1 ശതമാനമാണ് പ്രതിവര്‍ഷം കുറഞ്ഞു വരുന്നത്. കോര്‍പറേറ്റ് അക്കൗണ്ടിങ് രംഗത്ത് 23 ശതമാനം വരേയും ഇടിയുന്നുണ്ട്. ഒറ്റ ഒഴിവിലേക്ക് ജോലിക്കാരെ തേടി അപേക്ഷ ക്ഷണിച്ചാല്‍ പോലും രണ്ടായിരത്തിലേറെ പേര്‍ ജോലിക്കായി അപേക്ഷിക്കുന്നത് അസാധാരണമല്ല. നിയമം, ടെക്‌നോളജി ജോലികളിലാണ് അപേക്ഷകര്‍ കുറവെന്നും റോബര്‍ട്ട് ഹാഫിന്റെ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ഗാരിത് എല്‍ മത്തൂരി പറയുന്നു.
കോര്‍പറേറ്റ് അക്കൗണ്ടിങ് ജോലികളില്‍ ഫിനാന്‍ഷ്യല്‍ പ്ലാനിങ്, ടാക്‌സ് കൈകാര്യം ചെയ്ത് ജോലിപരിചയമുള്ളവര്‍ക്ക് യുഎഇയില്‍ ഡിമാന്‍ഡ് ഉണ്ടെങ്കിലും തൊഴില്‍ തേടി യുഎഇയിലെത്തിയ പ്രവാസികളുടെ ലഭ്യതയാണ് ഈ രംഗത്തെ ശമ്പളം കുറയുന്നതിന് കാരണമാകുന്നത്.
അതേസമയം ചില ജോലികള്‍ക്ക് തുടക്ക ശമ്പളം വര്‍ധിച്ചിട്ടുമുണ്ട്. കമ്പനികളിലെ നിയമ മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ക്കുള്ള ശമ്പളം 1.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്. തൊഴില്‍പരിചയമുള്ള നിയമ, അഭിഭാഷക ജോലികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു വരികയാണെന്നും ശരാശരി ശമ്പളം 15 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ആഗോള നിക്ഷേപ കമ്പനികള്‍ കൂടുതലായി യുഎഇയിലെത്തുന്നതും പല സ്വകാര്യ കമ്പനികളും ഓഹരി വിപണിയിയിലേക്ക് ഇറങ്ങാന്‍ തയാറെടുക്കുന്നതും കാരണം ഈ രംഗത്ത് തൊഴില്‍പരിചയമുള്ള നിയമ വിദഗ്ധര്‍ക്ക് ഡിമാന്‍ഡുണ്ട്. ഇതാണ് ഈ ജോലികള്‍ക്ക് ശമ്പളം വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
യുഎഇയിലെ ജനസംഖ്യയും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. നിക്ഷേപകരുടേയും പ്രൊഫഷനലുകളുടേയും ഒഴുക്ക് കാരണം ഏറ്റവും വലിയ എമിറേറ്റുകളായ അബുദബിയിലും ദുബായിലും ജനസംഖ്യ എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്. ദുബായിലെ ഏറ്റവും പുതിയ ജനസംഖ്യ 37.98 ലക്ഷമാണ്. ഈ വര്‍ഷം മാത്രം ഇതുവരെ 1,40000 ആണ് വര്‍ധിച്ചത്. 2023ല്‍ ഈ വര്‍ധന ഒരു ലക്ഷം മാത്രമായിരുന്നു. അബുദബിയിലെ ജനസംഖ്യ 2023ല്‍ തന്നെ 37.89 ലക്ഷം കവിഞ്ഞിട്ടുണ്ട്. 2011നെ അപേക്ഷിച്ച് 83 ശതമാനമാണ് ജനസംഖ്യാ വര്‍ധന.