ജിദ്ദ: വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് കയറ്റി അയക്കുന്ന ഇറച്ചിക്കും കോഴിയിറച്ചിക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഹലാല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ വിദേശങ്ങളിലെ കശാപ്പുശാലകളും ഇറച്ചി സംസ്കരണ യൂനിറ്റുകളും കയറ്റുമതിക്കാരും കണിശമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി പറഞ്ഞു.
സൗദിയിലേക്ക് മാംസം കയറ്റുമതി ചെയ്യുന്ന ബ്രസീല്‍, ഓസ്ട്രേലിയ പോലുള്ള വിദേശ രാജ്യങ്ങളിലെ അറവുശാലകളും മാംസ സംസ്കരണ യൂനിറ്റുകളും നിരീക്ഷിക്കുന്നതിനെ കുറിച്ചും, ഈ മാംസം ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് കശാപ്പ് ചെയ്ത് തയാറാക്കിയതാണെന്ന് എങ്ങനെയാണ് ഉറപ്പു വരുത്തുന്നത് എന്നതിനെ കുറിച്ചുമുള്ള ഒരു ഉപഭോക്താവിന്റെ അന്വേഷണത്തിനുള്ള മറുപടിയായാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.