ജിദ്ദ – വെസ്റ്റ് ബാങ്കിലും ഗാസയിലും ദശലക്ഷക്കണക്കിന് ഫലസ്തീനികള്‍ക്ക് സഹായങ്ങളും വിദ്യാഭ്യാസ സേവനങ്ങളും നല്‍കുന്ന യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസുമായുള്ള ബന്ധം ഇസ്രായില്‍ പൂര്‍ണമായും വിച്ഛേദിച്ചു. യു.എന്‍ റിലീഫ് ഏജന്‍സിയുമായുള്ള ഇസ്രായിലിന്റെ ബന്ധം ക്രമീകരിക്കുന്ന, 1967 മുതലുള്ള കരാര്‍ റദ്ദാക്കിയതായി ഐക്യരാഷ്ട്രസഭയെ ഔദ്യോഗികമായി അറിയിച്ചതായി ഇസ്രായില്‍ വിദേശ മന്ത്രാലയം പറഞ്ഞു. യു.എന്‍ റിലീഫ് ഏജന്‍സിയെ ഇസ്രായിലില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുകയും ഇസ്രായില്‍ അധികൃതര്‍ യു.എന്‍ ഏജന്‍സിയുമായി സഹകരിക്കുന്നത് വിലക്കുകയും ചെയ്യുന്ന നിയമം കഴിഞ്ഞ മാസം ഇസ്രായില്‍ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു.
യു.എന്‍ റിലീഫ് ഏജന്‍സിയെ ഇസ്രായില്‍ പതിവായി വിമര്‍ശിക്കുകയും ഇസ്രായിലിനെതിരെ മുന്‍വിധിയോടെയാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്യുന്നു. ഫലസ്തീനികളെ സ്ഥിരിമായി അഭയാര്‍ഥി പദവിയില്‍ നിലനിര്‍ത്തിക്കൊണ്ട് ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷം എക്കാലവും സജീവമായി നിലനിര്‍ത്താന്‍ യു.എന്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നതായും ഇസ്രായില്‍ കുറ്റപ്പെടുത്തുന്നു. യു.എന്‍ റിലീഫ് ഏജന്‍സിയില്‍ ഹമാസ് പോരാളികള്‍ നുഴഞ്ഞുകയറിയതായി കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഗാസ യുദ്ധം ആരംഭിച്ചതു മുതല്‍ ഇസ്രായില്‍ പറയുന്നു. ഏതാനും യു.എന്‍ റിലീഫ് ഏജന്‍സി ജീവനക്കാര്‍ 2023 ഒക്‌ടോബര്‍ ഏഴ് ആക്രമണത്തില്‍ പങ്കെടുത്തതായും ഇസ്രായില്‍ ആരോപിക്കുന്നു.
യു.എന്‍ റിലീഫ് ഏജന്‍സി പ്രവര്‍ത്തനം വിലക്കുന്ന നിയമം ഇസ്രായില്‍ അംഗീകരിച്ചത് ഐക്യരാഷ്ട്രസഭയെയും ഇസ്രായിലിന്റെ ചില പശ്ചാത്യ സഖ്യകക്ഷികളെയും ആശങ്കപ്പെടുത്തി. ഗാസയില്‍ ഇതിനകം തന്നെ വഷളായ മാനുഷിക സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് അവര്‍ ഭയപ്പെടുന്നു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും യു.എന്‍ ഏജന്‍സി പ്രവര്‍ത്തനങ്ങളെ നിയമനിര്‍മാണം നേരിട്ട് ബാധിക്കുന്നില്ല. അന്താരാഷ്ട്ര നിയമ പ്രകാരം വെസ്റ്റ് ബാങ്കും ഗാസയും ഇസ്രായില്‍ രാജ്യത്തിന് പുറത്തായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍, ഈ രണ്ടു പ്രദേശങ്ങളും ഇസ്രായില്‍ അധിനിവേശത്തിനു കീഴിലാണ്. യു.എന്‍ റിലീഫ് ഏജന്‍സിയില്‍ ഹമാസ് എങ്ങിനെ നുഴഞ്ഞുകയറി എന്നതിന് ഐക്യരാഷ്ട്രസഭക്കു മുന്നില്‍ ഞങ്ങള്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടും ഈ പ്രശ്‌നം പരിഹരിക്കാന്‍ യു.എന്‍ ഒന്നും ചെയ്തില്ലെന്ന് യു.എന്നിലെ ഇസ്രായില്‍ അംബാസഡര്‍ ഡാനി ഡാനന്‍ പറഞ്ഞു.
അതേസമയം, ഫലസ്തീന്‍ അഭയാര്‍ഥി പ്രശ്‌നം ഇല്ലാതാക്കാനും എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും കണ്‍വെന്‍ഷനുകളും പ്രമേയങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും പാലിക്കാതിരിക്കാനുമാണ് യു.എന്‍ റിലീഫ് ഏജന്‍സിയുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചതായി യു.എന്നിനെ ഔദ്യോഗികമായി അറിയിച്ചതിലൂടെ ഇസ്രായില്‍ ലക്ഷ്യമിടുന്നതെന്ന് ഫലസ്തീന്‍ പ്രസിഡന്‍സി പറഞ്ഞു. അഭയാര്‍ഥി പ്രശ്‌നം ഇല്ലാതാക്കുക, സ്വദേശത്തേക്ക് മടങ്ങിവരാനുള്ള അഭയാര്‍ഥികളുടെ അവകാശം റദ്ദാക്കുക, യു.എന്‍ റിലീഫ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ യു.എന്‍ റിലീഫ് ഏജന്‍സിയെ ഉന്നംവെക്കുന്നതുമായി ഇസ്രായില്‍ മുന്നോട്ടുപോവുകയാണെന്ന് ഫലസ്തീന്‍ പ്രസിഡന്‍സി വക്താവ് നബീല്‍ അബൂറദീന പറഞ്ഞു. ഈ തീരുമാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായിലിനാണ്. ഇസ്രായിലിനെതിരെ അന്താരാഷ്ട്ര സമൂഹം ഗൗരവത്തായതും മൂത്തവുമായ നടപടികള്‍ സ്വീകരിക്കണമെന്നും നബീല്‍ അബൂറദീന ആവശ്യപ്പെട്ടു.