ജിദ്ദ – ഉത്തര ഗാസയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയിലെ ശിശുപരിചരണ വിഭാഗത്തിനും മറ്റു വിഭാഗങ്ങള്‍ക്കും നേരെ ഇസ്രായിലി സൈന്യം വീണ്ടും ആക്രമണം നടത്തി. പോഷകാഹാരക്കുറവും നിര്‍ജലീകരണവും ബാധിച്ച് ചികിത്സയിലായിരുന്ന ഏതാനും കുട്ടികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ധനം തീര്‍ന്നതിനാല്‍ ആംബുലന്‍സുകളുടെയും സിവില്‍ ഡിഫന്‍സ് വാഹനങ്ങളുടെയും പ്രവര്‍ത്തനം നിലക്കുകയും മെഡിക്കല്‍ ജീവനക്കാരുടെ സഞ്ചാരങ്ങള്‍ വിലക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഉത്തര ഗാസയില്‍ ആരോഗ്യ സംവിധാനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇത് ഗാസയില്‍ ആരോഗ്യ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും അടിയില്‍ കുടുങ്ങിക്കിടക്കുന്ന ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ പുറത്തെടുക്കാനും സാധിക്കുന്നില്ല. നാലാഴ്ചയായി തുടരുന്ന ഇസ്രായിലിന്റെ രൂക്ഷമായ കരയാക്രമണത്തില്‍ 1,300 ഓളം പേര്‍ കൊല്ലപ്പെടുകയും നൂറു കണക്കിനാളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഗാസയില്‍ നൂറു കണക്കിനാളുകള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് രണ്ടു ദിവസത്തിനിടെ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 50 ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതായി യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറീന്‍ റസ്സല്‍ പറഞ്ഞു. ഗാസയിലെ സാധാരണക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ മാനുഷിക തത്വങ്ങള്‍ ലംഘിക്കുന്നത് തുടരുന്നതിന്റെ ഭാഗമാണ്. ഈ സംഭവങ്ങള്‍ സംഘര്‍ഷത്തിലെ ഒരു പുതിയ ഇരുണ്ട അധ്യായത്തെ പ്രതിഫലിപ്പിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി സിവിലിയന്മാരെയും മാനുഷിക സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും കാതറീന്‍ റസ്സല്‍ പറഞ്ഞു.