ജിദ്ദ – ഇസ്രായിലിനെ ആക്രമിക്കുന്നതിനെതിരെ ഇറാന് അമേരിക്ക ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇസ്രായിലിനെ ഇറാന്‍ വീണ്ടും ആക്രമിക്കുന്ന പക്ഷം ഇസ്രായിലിനെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് അമേരിക്ക ഇറാനെ അറിയിച്ചു. അടുത്ത ഇസ്രായില്‍ ആക്രമണം മുമ്പത്തേതു പോലെ പരിമിതവും ലക്ഷ്യം വെച്ചുള്ളതുമാകുമെന്ന് ഉറപ്പുനല്‍കാനാകില്ലെന്ന് അമേരിക്ക ഇറാനെ അറിയിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന യു.എസ് വൃത്തങ്ങള്‍ പറഞ്ഞു. ഈ സന്ദേശം ഇറാന്‍ നേതാക്കളെ നേരിട്ട് അറിയിച്ചതായി അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ സ്വിറ്റ്‌സര്‍ലാന്റ് വഴിയാണ് ഈ സന്ദേശം അമേരിക്ക ഇറാനെ അറിയിച്ചതെന്ന് ഇസ്രായിലി വൃത്തങ്ങള്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാഖില്‍ നിന്ന് ഇസ്രായിലിനെ ആക്രമിക്കാന്‍ ഇറാന്‍ തയാറെടുപ്പുകള്‍ നടത്തുന്നതായി ഇസ്രായിലി ഇന്റലിജന്‍സ് സൂചിപ്പിച്ചു. ഇറാഖില്‍ നിന്നാണ് ആക്രമണമുണ്ടാകുന്നതെങ്കില്‍ കൂടി ഇറാന് ഇസ്രായില്‍ തിരിച്ചടി നല്‍കും. ഇറാന്റെ ആക്രമണത്തിന്റെ സ്വഭാവത്തിനും അതിന്റെ ഫലത്തിനും അനുസരിച്ചായിരിക്കും ഏതു തരത്തിലുള്ള തിരിച്ചടിയാണ് നല്‍കേണ്ടത് എന്ന കാര്യം തീരുമാനിക്കുകയെന്ന് ഇസ്രായിലി വൃത്തങ്ങള്‍ പറഞ്ഞു.
അമേരിക്കയുടെ പിന്തുണയോടെ ഇസ്രായില്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇ ഇന്നലെ പറഞ്ഞു. ഇറാനെതിരെയും ചെറുത്തുനില്‍പിന്റെ അച്ചുതണ്ടിനെതിരെയും തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ കടുത്ത തിരിച്ചടി തീര്‍ച്ചയായും ലഭിക്കുമെന്ന് ശത്രുക്കളായ അമേരിക്കയും സയണിസ്റ്റ് രാജ്യവും അറിഞ്ഞിരിക്കണമെന്ന് തെഹ്‌റാനില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് അലി ഖാംനഇ പറഞ്ഞു.
ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായിലില്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ ശിയാ ഗ്രൂപ്പ് പറഞ്ഞു. ഗാസയിലും ലെബനോനില്‍ ഹിസ്ബുല്ലക്കെതിരെയും ഇസ്രായില്‍ യുദ്ധം തുടരുന്നതിനിടെ മധ്യപൗരസ്ത്യദേശത്ത് കൂടുതല്‍ വലിയ പ്രാദേശിക സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിനെ കുറിച്ച ഭീതി വര്‍ധിച്ചുവരികയാണ്.
തെഹ്‌റാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെും ലെബനോനില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെയും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയും വധിച്ചതിന് തിരിച്ചടിയായി കഴിഞ്ഞ മാസം ഒന്നിന് ഇറാന്‍ ഇസ്രായിലില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയെന്നോണം കഴിഞ്ഞ മാസം 26 ന് ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായിലും ആക്രമണം നടത്തി. മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായില്‍ പറഞ്ഞു. എന്നാല്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ഇറാന്‍ പറഞ്ഞു. ഈ ആക്രമണത്തിന് തിരിച്ചടിക്കുന്നതിനെതിരെ ഇറാന് ഇസ്രായില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന ഇറാന്‍, ഇസ്രായില്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.