- ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ന്യൂനപക്ഷ പ്രീണനമായിരുന്നെങ്കിൽ ഇപ്പോൾ ഭൂരിപക്ഷ പ്രീണനത്തിനാണ് സി.പി.എം ശ്രമമെന്നും എൻ.കെ പ്രേമചന്ദ്രൻ. സി പി എം-ബി ജെ പി അന്തർധാരയല്ല, പ്രത്യക്ഷ ധാരയാണുള്ളതെന്നും വിമർശം.
റിയാദ്: കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ യു ഡി എഫ് വിസ്മയ വിജയം നേടുമെന്ന് ആർ.എസ്.പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എം പി. ബി ജെ പിയുമായി സി പി എമ്മിന് ഇപ്പോൾ അന്തർധാരയല്ലെന്നും പ്രത്യക്ഷ ധാരയാണെന്നും യു ഡി എഫ് വിമുക്ത കേരളമാണ് ഇരുവരും ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 19-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു എം പി. പാലക്കാട്ട് സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്താത്തത് പോലും ബി ജെ പിയെ സഹായിക്കാനാണ്. ഇടതുപക്ഷക്കാർ സ്റ്റെതസ്‌കോപ് ചിഹ്നത്തിൽ വോട്ടുചെയ്യില്ലെന്ന് നേതാക്കൾക്കറിയാം. ഈ വോട്ടുകൾ ബി ജെ പിക്ക് മറിക്കാനാണ് നീക്കമുണ്ടായിരിക്കുന്നത്.
ചേലക്കരയിലും യു ഡി എഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. ഏതു തെരഞ്ഞെടുപ്പ് ഘട്ടത്തിലും കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാറുണ്ട്. പക്ഷേ, കാര്യത്തോടടുക്കുമ്പോൾ അവരെല്ലാം ഒന്നാവും. യു ഡി എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കൊടകര കുഴൽപ്പണകേസിൽ പ്രഖ്യാപിച്ച അന്വേഷണം എങ്ങുമെത്താൻ പോകുന്നില്ല. ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെയെന്ന ബി ജെ പി പ്രസിഡന്റ് സുരേന്ദ്രന്റെ പ്രസ്താവന അതിന് തെളിവാണ്. കേരള പോലീസ് അന്വേഷിച്ച് ദുർബലമായ കുറ്റപത്രം സമർപ്പിച്ച കേസാണിത്. കരുവന്നൂർ, മാസപ്പടി കേസുകളൊക്കെ ഈ കുഴൽപ്പണകേസിന്റെ പശ്ചാത്തലത്തിൽ ഇല്ലാതായി.
സി പി എമ്മിന് കേരളത്തിൽ കുറുക്കന്റെ കണ്ണാണുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ സി പി എം ഇറങ്ങിത്തിരിച്ചത്. ഇത് മുസ്‌ലിം സമുദായം തിരിച്ചറിഞ്ഞു. എന്നാൽ ഇപ്പോൾ ഭൂരിപക്ഷ പ്രീണനവുമായാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
മുനമ്പം വിഷയത്തിൽ കൃത്യമായ നിലപാടാണ് യു ഡി എഫ് സ്വീകരിച്ചത്. ഇതിൽ സർക്കാർ ഇടപെടണം. വിഷയത്തിലിടപെടാതെ സാമുദായിക ധ്രുവീകരണത്തിനാണ് സർക്കാറും ഇടതുപക്ഷവും ശ്രമിക്കുന്നത്. ജയരാജന്റെ പുസ്തകവും ഇതുമായി കൂട്ടിവായിക്കണം. നേരത്തെ ശംഖുമുഖത്ത് നടന്ന യോഗത്തിൽ ഒരു മണിക്കൂറോളം അബ്ദുന്നാസർ മഅ്ദനിയെ കാത്തുനിന്ന ചരിത്രമാണ് പിണറായി വിജയനുള്ളത്. പി ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്ത പിണറായി വിജയൻ പുസ്തകത്തിന്റെ ഉള്ളടക്കത്തോട് യോജിപ്പില്ലെന്ന് പറയുന്നു. ഇങ്ങനെ സാമുദായിക സ്പർധ വളർത്താനാണ് സി പി എം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ ഡോ. പുനലൂർ സോമരാജൻ ഗാന്ധിഭവൻ, മൈത്രി പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത്, ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ, പ്രോഗ്രാം കൺവീനറും അഡൈ്വസറി ബോർഡ് ചെയർമാനുമായ ഷംനാദ് കരുനാഗപ്പള്ളി, ട്രഷറർ മുഹമ്മദ് സാദിഖ് എന്നിവരും പങ്കെടുത്തു.