ബെയ്റൂത്ത് – ഗാസയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഫലസ്തീനികളുടെ വീടുകളും അഭയാര്‍ഥികള്‍ കഴിയുന്ന തമ്പുകളും ലക്ഷ്യമിട്ട് ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ 57 പേര്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരും കൊല്ലപ്പെട്ടത് ഉത്തര ഗാസയിലെ ബെയ്ത്ത് ലാഹിയയിലും ജബാലിയ അഭയാര്‍ഥി ക്യാമ്പിലുമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. 27 ദിവസമായി ശക്തമായ കരയാക്രമണം നേരിടുന്ന ഉത്തര ഗാസയില്‍ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 27 ദിവസത്തിനിടെ ഉത്തര ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 1,300 ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, ഉത്തര ഇസ്രായിലില്‍ ലെബനോന്‍ അതിര്‍ത്തിക്കു സമീപം ഹിസ്ബുല്ല മിസൈലുകള്‍ പതിച്ച് ഏഴു ഇസ്രായിലികള്‍ കൊല്ലപ്പെട്ടതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈഫയില്‍ രണ്ടു പേരും അല്‍മുതില്ല ഗ്രാമത്തിലെ കാര്‍ഷിക പ്രദേശത്ത് അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്. അല്‍മുതില്ലയില്‍ കൊല്ലപ്പെട്ടവരില്‍ നാലു പേര്‍ വിദേശ തൊഴിലാളികളും ഒരാള്‍ ഇസ്രായിലി കര്‍ഷകനുമാണെന്ന് ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. 25 മിസൈലുകളാണ് ഉത്തര ഇസ്രായില്‍ ലക്ഷ്യമിട്ട് ഹിസ്ബുല്ല തൊടുത്തുവിട്ടതെന്ന് ഇസ്രായിലി സൈന്യം പറഞ്ഞു. ഹൈഫക്ക് വടക്ക് കരയോത്ത് ഏരിയ ലക്ഷ്യമിട്ട് തങ്ങളുടെ പോരാളികള്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രസ്താവനയില്‍ പറഞ്ഞു.
സെപ്റ്റംബര്‍ 23 മുതല്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 2,822 പേര്‍ കൊല്ലപ്പെടുകയും 12,937 പേര്‍ക്ക് പരിക്കേല്‍ക്കുകയും 14 ലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അതിനിടെ, ലെബനോന്‍ അതിര്‍ത്തിക്കു സമീപം സിറിയയില്‍ ഇന്ന് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ലെബനോന്‍ അതിര്‍ത്തിക്കു സമീപം അല്‍ഖുസൈര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി മൂന്നു വ്യോമാക്രമണങ്ങളാണ് ഇസ്രായില്‍ ഇന്ന് നടത്തിയത്. ഹിസ്ബുല്ലയുടെ ആയുധപ്പുരയും ഇന്ധന സംഭരണിയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങളില്‍ ഒന്നുണ്ടായത്. രണ്ടാമത്തെ ആക്രമണം ലെബനോന്‍ അതിര്‍ത്തിക്കു സമീപം വെയര്‍ഹൗസുകള്‍ ലക്ഷ്യമിട്ടും മൂന്നാമത്തെ ആക്രമണം അല്‍ഖുസൈര്‍ നഗരത്തിന് തെക്ക് ഒരു പാലം ലക്ഷ്യമിട്ടുമാണുണ്ടായത്.
അതിനിടെ, സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഫലസ്തീന്‍ വിദേശ മന്ത്രി ഡോ. മുഹമ്മദ് മുസ്തഫയും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഗാസയിലെ പുതിയ സംഭവവികാസങ്ങളും ഇക്കാര്യത്തില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.