- ഫലസ്തീന്‍, ലെബനോന്‍ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ നവംബര്‍ 11 ന് റിയാദില്‍ അറബ്, ഇസ്‌ലാമിക് ഉച്ചകോടി
റിയാദ് – ഫലസ്തീന്‍ ജനത അനുഭവിക്കുന്ന അറ്റമില്ലാത്ത ദുരിതങ്ങള്‍ക്കു മുന്നില്‍ ലോക രാജ്യങ്ങള്‍ നടത്തുന്ന അപലപിക്കല്‍ മാത്രം മതിയാകില്ലെന്നും ഇത് കാര്യമായ ഫലം ചെയ്യില്ലെന്നും സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ സൗദി അറേബ്യ മുന്‍കൈയെടുത്ത് സ്ഥാപിച്ച അന്താരാഷ്ട്ര സഖ്യത്തിന്റെ പ്രഥമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. കുടിയേറ്റ കോളനികളുടെ പെരുപ്പം, ജറൂസലമിന്റെ ചരിത്രപരവും നിയമപരവുമായ പദവിയിലുണ്ടായ മാറ്റം, വിദ്വേഷ പ്രസംഗങ്ങളുടെയും പ്രകോപനങ്ങളുടെയും വ്യാപനം എന്നിവ കാരണം ഫലസ്തീന്‍ ജനത ദുരിതങ്ങള്‍ക്ക് വിധേയരാകുന്നു. ഇതെല്ലാം ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന് തുരങ്കം വെക്കുന്നതിലേക്കും കൂടുതല്‍ അക്രമത്തിലേക്കും അസ്ഥിരതയിലേക്കും നയിക്കുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സുസ്ഥിരമായ പരിഹാരം കണ്ടെത്തുന്നതില്‍ തുടരുന്ന പരാജയം ഭീകരവാദം, തീവ്രവാദം, അനധികൃത കുടിയേറ്റം എന്നിവ വ്യാപിക്കല്‍ അടക്കം അന്താരാഷ്ട്ര സമാധാനത്തിലും സുരക്ഷയിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കുകയും ബന്ദികളെയും തടവുകാരെയും വിട്ടയക്കുകയും വേണമെന്ന ഉറച്ച ആവശ്യം സൗദി അറേബ്യ ആവര്‍ത്തിക്കുകയാണ്. ഇരട്ടത്താപ്പിന്റെയും ശിക്ഷാ നടപടികളില്‍ നിന്ന് വഴുതിപ്പോകുന്നതിന്റെയും നയം അവസാനിക്കണം. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതില്‍ കുറ്റക്കാരോട് കണക്കു ചോദിക്കാനുള്ള സംവിധാനം സജീവമാക്കണം. യാതൊരുവിധ പ്രതിബന്ധങ്ങളും കൂടാതെ റിലീഫ് വസ്തുക്കള്‍ ഗാസയില്‍ എത്തിക്കുന്നത് ഉറപ്പാക്കണം.
യു.എന്‍ റിലീഫ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നു. വളരെ പ്രധാനപ്പെട്ട പങ്കാണ് യു.എന്‍ റിലീഫ് ഏജന്‍സി വഹിക്കുന്നത്. ഫലസ്തീനിലെങ്ങും യു.എന്‍ റിലീഫ് ഏജന്‍സിയുടെ പ്രവര്‍ത്തനവും റിലീഫ് പ്രവര്‍ത്തനവും ഇസ്രായില്‍ തടയുന്നു. മേഖലയില്‍ സമാധാനവും സ്ഥിരതയുമുണ്ടാക്കാന്‍ ശ്രമിച്ച് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ മുമ്പ് എന്നെത്തേക്കാള്‍ ഉപരി ഇപ്പോള്‍ നാം സംയുക്ത ശ്രമങ്ങള്‍ ഊര്‍ജിതമാക്കണം.
ഫലസ്തീന്‍ അതോറിറ്റിക്കുള്ള പിന്തുണ സൗദി അറേബ്യ ആവര്‍ത്തിക്കുന്നു. മേഖലയില്‍ സമാധാനമുണ്ടാക്കാന്‍ അന്താരാഷ്ട്ര സമൂഹം കൂട്ടായി പ്രയത്‌നിക്കാന്‍ സമയമായിരിക്കുന്നു. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശം നിറവേറ്റുകയും അധിനിവേശം അവസാനിപ്പിക്കുകയും ചെയ്യുന്ന വിധത്തില്‍ മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പുനല്‍കുന്ന ശ്രദ്ധേയമായ ഫലങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നത്. നമ്മുടെ രാജ്യങ്ങള്‍ സമാധാനത്തെ ഒരു തന്ത്രപരമായ ചോയ്‌സ് ആയി സ്വീകരിക്കുകയും സമാധാനത്തിനായി പങ്കാളിത്തം സ്ഥാപിക്കാനുള്ള ഗൗരവതരമായ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും സൗദി അറേബ്യ നടത്തുന്നുണ്ട്. ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന വംശഹത്യ നിരാകരിക്കുന്നു. ഇസ്രായിലുമായി ബന്ധം സ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെ ഒന്നാമത്തെ വ്യവസ്ഥ ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനമാണെന്നും വിദേശ മന്ത്രി പറഞ്ഞു.
അതിനിടെ, ഫലസ്തീന്‍, ലെബനോന്‍ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ നവംബര്‍ 11 ന് സംയുക്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടി ചേരണമെന്ന് സൗദി അറേബ്യ ആഹ്വാനം ചെയ്തു. 2023 നവംബര്‍ 11 ന് റിയാദില്‍ ചേര്‍ന്ന സംയുക്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടിയുടെ തുടര്‍ച്ചയെന്നോണമാണ് ഫലസ്തീനിലും ലെബനോനിലും തുടരുന്ന ഇസ്രായില്‍ ആക്രമണങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും വിശകലനം ചെയ്യാന്‍ അടുത്ത മാസം 11 ന് റിയാദില്‍ സമാന ഉച്ചകോടി ചേരുന്നത്.