- അഞ്ചുനില കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് കൂട്ടക്കൊല ചെയ്തത് ഒരു കുടുംബത്തിലെ 93 പേരെ
ജിദ്ദ – ഉത്തര ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 100 കവിഞ്ഞു. അഞ്ചുനില കെട്ടിടം തകര്‍ത്ത് ഒരു കുടുംബത്തിലെ 93 പേരെ ഇസ്രായില്‍ ഒറ്റയടിക്ക് കൂട്ടക്കൊല ചെയ്തതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് 40 ലേറെ പേരെ കാണാതായിട്ടുണ്ട്. ബെയ്ത് ലാഹിയയിലെ കെട്ടിടം ലക്ഷ്യമിട്ട് ഇന്നു പുലര്‍ച്ചെയാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. അബൂനസര്‍ കുടുംബത്തിലെ 150 ഓളം പേരാണ് ആക്രമണ സമയത്ത് അഞ്ചുനില കെട്ടിടത്തിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ കമാല്‍ അദ്‌വാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ ആശുപത്രിക്കു നേരെ ഇന്നു പുലര്‍ച്ചെ മുതല്‍ ഇസ്രായില്‍ ആക്രമണം നടത്തുന്നുണ്ട്. ഉത്തര ഗാസയില്‍ 23 ദിവസമായി ഇസ്രായിലി സൈന്യം കടുത്ത ഉപരോധം തുടരുന്ന ജബാലിയ അഭയാര്‍ഥി ക്യാമ്പിലെ വീട് ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ എട്ടു പേര്‍ കൊല്ലപ്പെട്ടതായും കമാല്‍ അദ്‌വാന്‍ ആശുപത്രി അറിയിച്ചു. ഇസ്രായിലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം ഉത്തര ഗാസയില്‍ സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ പറഞ്ഞു. ഡസന്‍ കണക്കിന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെയും ആരോഗ്യ മേഖലാ ജീവനക്കാരെയും ഇസ്രായിലി സൈന്യം അറസ്റ്റ് ചെയ്തിട്ടുമുണ്ടെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.