കണ്ണൂർ: കണ്ണൂർ എ.ഡി.എം കെ നവീൻ ബാബുവിന്റെ മരണത്തിൽ കേസിലെ മുഖ്യ പ്രതിയും സി.പി.എം നേതാവുമായ പി.പി ദിവ്യക്കെതിരെ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നിർണായക മൊഴി പുറത്ത്. ജില്ലാ കലക്ടർ അന്വേഷണസംഘത്തിന് നൽകിയ മൊഴിയിയിലാണ് സുപ്രധാന വിവരമുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ദിവ്യ, എ.ഡി.എമ്മിനെതിരേ തന്നോട് ആക്ഷേപം ഉന്നയിച്ചപ്പോൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആരോപണമുന്നയിക്കരുതെന്ന് പറഞ്ഞതായാണ് കലക്ടറുടെ വെളിപ്പെടുത്തൽ. ഒരു പരിപാടിക്കിടെ ദിവ്യ തന്നോട് പെട്രോൾ പമ്പിന്റെ വിഷയം സംസാരിച്ചിരുന്നു. അപ്പോൾ താൻ പരാതി എഴുതി നൽകാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ, തെളിവില്ലെന്നായിരുന്നു അപ്പോൾ ദിവ്യ നൽകിയ മറുപടിയെന്നാണ് കലക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
വേണ്ടത്ര തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് താൻ ഉപദേശിച്ചുവെന്നും ദിവ്യ പരിപാടിക്ക് എത്തില്ലെന്നായിരുന്നു കരുതിയതെന്നും കലക്ടർ അന്വേഷണ സംഘത്തോട് പറഞ്ഞു.
അതിനിടെ, പോലീസ് കസ്റ്റിഡയിലായ ദിവ്യയെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിൽനിന്നും 6.10-ഓടെ അന്വേഷണ സംഘം വൈദ്യ പരിശോധനയ്ക്കായി പുറത്തേക്ക് കൊണ്ടുപോയി. ശേഷം ഇന്നു തന്നെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജറാക്കാനാണ് സാധ്യത. വലിയ പ്രതിഷേധങ്ങളാണ് സംഭവ സ്ഥലത്തുണ്ടായത്.
അപ്പോഴും മാധ്യമങ്ങൾക്ക് പ്രതിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ലഭിക്കാത്തവിധം പുറത്തെ വാതിലിൽ കൂടിയാണ് ദിവ്യയെ പോലീസ് വാഹനത്തിലെത്തിച്ചത്. പോലീസിന്റെ ഈ ‘കരുതൽ’ തുടർ നടപടികളിലും ഉണ്ടാകാനാണ് സാധ്യത.
പ്രതിഷേധങ്ങളെയെല്ലാം നോക്കി, യാതൊരു മനസ്താപവും പ്രകടിപ്പിക്കാതെ, ചിരിച്ച്, സന്തോഷത്തോടെ, ഉള്ളിലൊരു ചെറു പുഞ്ചിരിയുമായി ആത്മവിശ്വാസത്തോടെയാണ് ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിൽനിന്നും പുറത്തേക്ക് ഇറങ്ങിയത്.
പ്രതി ഉയർത്തിയ എല്ലാ വാദങ്ങളെയും തള്ളിയായിരുന്നു തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയുണ്ടായത്. ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി മുൻകൂർ ജാമ്യത്തിന് ദിവ്യ അർഹയല്ലെന്നും ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കുകയുണ്ടായി.