ജക്കാര്‍ത്ത: ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 16 മോഡലുകളും വാച്ച് 10ഉം ഇന്തൊനേഷ്യയില്‍ വില്‍ക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഈ ഡിവൈസുകളുടെ വില്‍പ്പന നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. അമേരിക്കന്‍ ടെക്ക് ഭീമനായ ആപ്പിള്‍ ഉറപ്പു നല്‍കിയ നിക്ഷേപ വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇന്തൊനേഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണ്‍ 16 മോഡലുകളും നിയമവിരുദ്ധമാണെന്ന് വ്യവസായ മന്ത്രി അഗുസ് ഗുമിവാങ് കര്‍തസസ്മിത പറഞ്ഞു. വിദേശത്തു നിന്ന് ഐഫോണ്‍ 16 വാങ്ങി ഇന്തൊനേഷ്യയില്‍ കൊണ്ടു വരുന്നതും നിയമവിരുദ്ധമാണ്. ഇതു ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ടൂറിസ്റ്റുകള്‍ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കും ഐഫോണ്‍ രാജ്യത്തേക്ക് കൊണ്ടു വരുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കില്ല. എന്നാല്‍ അവ രാജ്യത്ത് വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണ്.
രാജ്യത്ത് 109 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്ന് ആപ്പിള്‍ ഉറപ്പു നല്‍കിയിരുന്നു. പ്രാദേശിക ഉല്‍പ്പാദന അനുബന്ധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നിക്ഷേപം. എന്നാല്‍ ഇതുവരെ 95 മില്യണ്‍ ഡോളറാണ് ആപ്പിള്‍ ഇന്തൊനേഷ്യയില്‍ നിക്ഷേപിച്ചത്. കരാര്‍ പ്രകാരം ഇനിയും 14.75 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കണം. ഇതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ക്ക് നിര്‍ബന്ധമായ ഐഎംഇഐ (ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി) സര്‍ട്ടിഫിക്കേഷന്‍ ഇന്തൊനേഷ്യന്‍ സര്‍ക്കാര്‍ തടയുകയായിരുന്നു. ഈ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത മൊബൈലുകള്‍ രാജ്യത്ത് വില്‍ക്കാനാവില്ല.
ഡൊമസ്റ്റിക് കംപോണന്റ് ലെവല്‍ (ടികെഡിഎന്‍) സര്‍ട്ടിഫിക്കേഷന്‍ നടപടികളുടെ ഭാഗമായി വിദേശ കമ്പനികള്‍ 40 ശതമാനം പ്രാദേശിക ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കാരിന്റെ നയം. ഇന്തൊനേഷ്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വിദേശ കമ്പനികള്‍ക്ക് ഈ ചട്ടം നിര്‍ബന്ധമാണ്. കരാര്‍ പ്രകാരം ആപ്പിള്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതു പാലിച്ചില്ല. ഇതാണ് ആപ്പിളിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ആപ്പിൾ ഈ നിബന്ധന പാലിക്കുന്നതു വരെ ഐഫോൺ 16 നിരോധനം തുടരും.