ബെംഗളൂരു: എട്ടുകോടി രൂപ നൽകാത്തതിന് ഭർത്താവിനെ സുഹൃത്തിനൊപ്പം ചേർന്ന് കൊലപ്പെടുത്തി ഭാര്യ. കൊലപ്പെടുത്തിയ ശേഷം മൃതദേഹം യുവതി കത്തിച്ചു കളഞ്ഞു. കുടക് ജില്ലയിലെ കാപ്പി പ്ലാന്റേഷനിൽ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച അന്വേഷണമാണ് കൊലയിൽ കണ്ടെത്തിയത്. ഹൈദരാബാദ് സ്വദേശിയായ രമേശ് എന്ന ബിസിനസുകാരനാണ് കൊല്ലപ്പെട്ടത്. കൊലയുമായി ബന്ധപ്പെട്ട് രമേശിന്റെ ഭാര്യ നിഹാരികയെയും, കാമുകൻ നിഖിലിനെയും അറസ്റ്റ് ചെയ്തു.
രമേശിന്റേയും നിഹാരികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിലായിരുന്ന നിഹാരികയെ, ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് രമേശ് വിവാഹം കഴിച്ചത്. ഇതിനിടെ നിഹാരികയ്ക്ക് നിഖിൽ എന്ന യുവാവുമായി അടുപ്പത്തിലായി. രമേശിനോട് നിഹാരിക എട്ടു കോടി രൂപ ആവശ്യപ്പെട്ടു. ഇത് നൽകാത്തതിനെ തുടർന്നാണ് നിഖിലും അയാളുടെ സുഹൃത്ത് അങ്കുർ എന്നയാളും നിഹാരികയുടെ സഹായത്തോടെ രമേശിനെ കൊലപ്പെടുത്തിയത്.
ഹൈദരാബാദിലെ ഉപ്പലിൽ വെച്ചാണ് കൊല നടത്തിയത്. തുടർന്ന് മൃതദേഹം 800 കിലോമീറ്ററോളം യാത്ര ചെയ്ത് കുടകിലെ ഒരു കാപ്പി പ്ലാന്റേഷനിലേക്ക് എത്തിച്ചു. ഇവിടെ പുതപ്പിട്ട് മൂടിയാണ് രമേശിനെ കത്തിച്ചത്. തുടർന്ന് ഹൈദരാബാദിലേക്ക് തിരിച്ചുപോയ ശേഷം, നിഹാരിക ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകുകയും ചെയ്തു.
ഒക്ടോബർ എട്ടിനാണ് കുടകിലെ കാപ്പി പ്ലാന്റേഷനിൽ കത്തിക്കരിഞ്ഞ നിലയിൽ രമേശിന്റെ മൃതദേഹം ലഭിച്ചത്. ആദ്യം അന്വേഷണം ആരംഭിച്ച പൊലീസ് സംഘത്തിന് മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനായിരുന്നില്ല. അതോടെ ആ പ്രദേശത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പോലീസ് തീരുമാനിക്കുകയായിരുന്നു. സി.സി.ടി.വിയിൽ പതിഞ്ഞ ബെൻസ് കാറിന്റെ നമ്പർ അന്വേഷിച്ച് കണ്ടെത്തിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നുവെന്ന് കുടക് പോലീസ് മേധാവി പറഞ്ഞു.