കാസർകോട്: സമസ്ത നേതാവ് മുക്കം ഉമർ ഫൈസിക്കെതിരേ രൂക്ഷ പ്രതികരണവുമായി മുസലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും അപമാനിച്ചാൽ ലീഗ് പ്രവർത്തകർക്ക് പ്രതിരോധിക്കേണ്ടി വരുമെന്നും ഇത്തരം ആളുകളെ നിലക്കു നിർത്താൻ സമസ്ത തയ്യാറാവണമെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാർ ഏതോ കമ്മറ്റിയിൽ നൽകിയ നക്കാപിച്ചയ്ക്ക് പ്രത്യുപകാരം ചെയ്യുകയാണ് ഉമർ ഫൈസിയെന്നും അദ്ദേഹത്തിന് പിന്നിൽ സി.പി.എമ്മാണെന്നും പി.എം.എ സലാം ആരോപിച്ചു.
ലീഗിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശങ്ങളിലും അദ്ദേഹം പ്രതികരിച്ചു. സി.പി.എം എതിർക്കുന്നത് മുസ്ലിം ലീഗിനെയല്ല, ഇസ്ലാമിനെയാണ്. ഇവർക്ക് കുതിരകയറാനുള്ള മതമല്ല ഇസ്ലാം. പ്രചാരണങ്ങൾക്ക് പിന്നിൽ ഇസ്ലാം വിരുദ്ധതയാണെന്നും പി.എം.എ സലാം ആരോപിച്ചു.