- ആക്രമണത്തെ കുറിച്ച് ഇസ്രായില്‍ ഇറാനെ മുന്‍കൂട്ടി അറിയിച്ചു
ജിദ്ദ – ഇന്നു പുലര്‍ച്ചെ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സൈന്യം അറിയിച്ചു. ഇറാന്റെ സുരക്ഷ സംരക്ഷിക്കാനും ഇറാന്റെ താല്‍പര്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ദോഷം വരാതിരിക്കാനും ക്രിമിനല്‍ സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രൊജക്‌ടൈലുകളെ നേരിടുന്നതിനിടെയാണ് രണ്ടു സൈനികരും കൊല്ലപ്പെട്ടത്. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ അറിയിക്കുമെന്നും ഇറാന്‍ സൈന്യം പറഞ്ഞു.
മേഖലയില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ട ഒരു രാജ്യത്തിന്റെയും സൈനിക വിമാനങ്ങളെ ജോര്‍ദാന്റെ വ്യോമമേഖലയിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ജോര്‍ദാന്‍ സായുധ സേനാ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ മണിക്കൂറുകളില്‍ മേഖലയിലുണ്ടായ സൈനിക സംഘര്‍ഷം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. റോയല്‍ വ്യോമസേന സ്ഥിതിഗതികള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു. രാജ്യത്തെ സംരക്ഷിക്കാന്‍ വ്യോമസേന പൂര്‍ണ സജ്ജമാണ്. വിവരങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് തേടണമെന്നും യാതൊരു വാസ്തവവുമില്ലാത്ത കിംവദന്തികള്‍ക്കു പിന്നാലെ പോകരുതെന്നും ജോര്‍ദാന്‍ സായുധസേനാ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ആക്രണത്തെ കുറിച്ച് മധ്യസ്ഥര്‍ വഴി ഇസ്രായില്‍ ഇന്നലെ ഇറാനെ അറിയിച്ചിരുന്നതായി അഭിജ്ഞ വൃത്തങ്ങള്‍ പറഞ്ഞു. ഏതെല്ലാം കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തുകയെന്നും ഏതെല്ലാം കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തില്ലെന്നും പൊതുവായി ഇറാന്‍ അധികൃതരെ ഇസ്രായില്‍ അറിയിച്ചിരുന്നു. ആക്രമണത്തിന് തിരിച്ചടിക്കുന്നതിനെതിരെ മധ്യസ്ഥര്‍ വഴി ഇറാന് ഇസ്രായില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അഭിജ്ഞ വൃത്തങ്ങള്‍ പറഞ്ഞു.
മൂന്നു റൗണ്ട് ആക്രമണങ്ങളാണ് ഇസ്രായില്‍ ഇറാനില്‍ നടത്തിയത്. ആദ്യ റൗണ്ടില്‍ വ്യോമ പ്രതിരോധ സംവിധാനവും രണ്ടും മൂന്നും റൗണ്ടുകളില്‍ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും ഡ്രോണ്‍ കേന്ദ്രങ്ങളും ആയുധ നിര്‍മാണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. ഇസ്രായില്‍ ആക്രമണത്തെ യു.എ.ഇ അപലപിച്ചു. സംഘര്‍ഷം മൂര്‍ഛിക്കുന്നതിലും ഇത് മേഖലാ സുരക്ഷയിലും സ്ഥിരതയിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലും യു.എ.ഇ വിദേശ മന്ത്രാലയം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.