ജറൂസലേം – ഇറാനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ഇറാന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണ് ഇസ്രായില്‍ ആക്രമണം. മേഖലാ രാജ്യങ്ങളുടെയും ജനങ്ങളുടെയും സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിച്ച് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതും വ്യാപിക്കുന്നതും നിരാകരിക്കുന്ന കാര്യത്തില്‍ സൗദി അറേബ്യക്ക് ഉറച്ച നിലപാടാണ്. എല്ലാ കക്ഷികളും പരമാവധി ആത്മസംയമനം പാലിക്കുകയും സംഘര്‍ഷം ലഘൂകരിക്കുകയും വേണം. മേഖലയില്‍ സൈനിക സംഘര്‍ഷങ്ങള്‍ തുടരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിലും അവസാനിപ്പിക്കുന്നതിലും അന്താരാഷ്ട്ര സമൂഹവും ശാക്തിക രാജ്യങ്ങളും തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
തെഹ്‌റാനിലും ഖുസെസ്ഥാനിലും ഇലാമിലുമുള്ള സൈനിക കേന്ദ്രങ്ങളില്‍ മാത്രമാണ് ഇസ്രായില്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ അറിയിച്ചു. ഇസ്രായിലി ആക്രമണങ്ങള്‍ വിജയകരമായി ചെറുക്കാന്‍ സാധിച്ചു. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ പരിമിതമായ നാശനഷ്ടങ്ങളുണ്ടായി. ഇതേ കുറിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണ്. ഇസ്രായിലി ആക്രമണങ്ങളില്‍ തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നും ഇസ്രായിലിന് ഉചിതമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ പറഞ്ഞു.
ഇറാനെതിരായ ആക്രമണം അവസാനിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങളും ബാലിസ്റ്റിക് മിസൈല്‍ സംവിധാനവും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി. ആവശ്യമെങ്കില്‍ ഇറാനെതിരെ വീണ്ടും ആക്രമണം നടത്തും. ആക്രമണം പൂര്‍ത്തിയാക്കി ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങള്‍ ഇസ്രായിലിലെ താവളങ്ങളില്‍ ഇറങ്ങി. മുഴുവന്‍ വിമാനങ്ങളും സുരക്ഷിതമായി ഇസ്രായിലില്‍ തിരിച്ചെത്തിയതായും ഇസ്രായില്‍ സൈന്യം പറഞ്ഞു. മൂന്നു റൗണ്ടുകളിലായി 20 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി പറഞ്ഞു. സംഘര്‍ഷം മൂര്‍ഛിപ്പിക്കുന്നതിനെതിരെ ഇസ്രായിലി സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി ഇറാന് മുന്നറിയിപ്പ് നല്‍കി. ഇസ്രായിലിന്റെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും സൈനിക വക്താവ് പറഞ്ഞു.
ഇസ്രായില്‍ ആക്രമണം അവസാനിച്ചതോടെ ഇറാനില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതു മണിയോടെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായതായി ഇറാന്‍ വ്യോമയാന അതോറിറ്റി പറഞ്ഞു. മണിക്കൂറുകള്‍ നിര്‍ത്തിവെച്ച ശേഷം ഇറാഖിലും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അതേസമയം, കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കണമെന്ന് ഇറാനോടും ഇസ്രായിലിനോടും ബ്രിട്ടന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം മൂര്‍ഛിപ്പിക്കരുതെന്ന് അമേരിക്കയും ഇറാനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ സംഭവിച്ചത് ഇസ്രായിലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അവസാനമായിരിക്കണം. തിരിച്ചടിക്കാന്‍ ഇറാന്‍ തീരുമാനിക്കുന്ന പക്ഷം അത് ചെറുക്കാന്‍ അമേരിക്ക സുസജ്ജമാണെന്നും യു.എസ് വൃത്തങ്ങള്‍ പറഞ്ഞു.