അങ്കാറ(തുർക്കി)- അങ്കാറയ്ക്ക് സമീപമുള്ള തുർക്കിയുടെ എയ്‌റോസ്‌പേസ് ആന്റ് ഡിഫൻസ് കമ്പനിയായ തുസാസിൻ്റെ ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പതിനാല് പേർക്ക് പരിക്കേറ്റു. തുർക്കി ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാറിന്റെ അധീനതയിലുള്ള സ്ഥലത്ത് ഭീകരാക്രമണം നടത്തിയ രണ്ടു പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
അങ്കാറയിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള ഒരു ചെറിയ പട്ടണമായ കഹ്‌റാമൻകാസാനിലെ സൈറ്റിലാണ് തീപ്പിടിത്തമുണ്ടായത്. വലിയ പുകപടലങ്ങളും തീ ആളിപ്പടരുന്നതും പ്രാദേശിക മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളിൽ വ്യക്തമാണ്.
സ്ഥലത്ത് വലിയ സ്ഫോടനം ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ത്രീ അടക്കമുള്ള സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.അതേസമയം, അക്രമികൾ ചിലരെ ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്. കമ്പനിയുടെ കാമ്പസിൽ 15,000-ലേറെ ആളുകൾ ജോലി ചെയ്യുന്നുണ്ട്.