- ഒളിവിൽ കഴിയുന്ന സി.പി.എം വനിതാ നേതാവിനെ പിടികൂടാതെ പോലീസ്, പാർട്ടിക്കകത്തും പുറത്തും വിമർശം
കണ്ണൂർ: എ.ഡി.എം കെ നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. ഇന്ന് പരിഗണിക്കുമെന്ന് കരുതിയ ഹരജിയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 24-ലേക്ക് മാറ്റിയത്.
കേസ് വ്യാഴാഴ്ച പരിഗണിക്കുമ്പോൾ പോലീസ് റെക്കോർഡുകളും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. അതിനിടെ, ഹരജിയിൽ കക്ഷിചേരാൻ നവീൻ ബാബുവിന്റെ കുടുംബം ഇന്ന് കോടതിയിൽ അപേക്ഷ നൽകി.
നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം പ്രതിയെ മാറ്റിയിരുന്നു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകി ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ കഴിയുകയാണിപ്പോൾ വനിതാ നേതാവ്. ദിവ്യയെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ സാധിക്കാത്ത പോലീസ് നടപടിയിൽ വൻ വിമർശമാണ് പാർട്ടിക്കകത്തും പുറത്തും ഉയരുന്നത്.
പോലീസിനു ജാമ്യം നൽകാൻ വ്യവസ്ഥയില്ലാത്ത വകുപ്പു പ്രകാരമാണ് ദിവ്യയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇത്തരം കേസുകളിൽ പ്രതി ചേർക്കപ്പെടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നിരിക്കെ അത് ഇല്ലാതെ പോകുന്നത് പോലീസ് വീഴ്ചയാണ്. ദിവ്യ മുൻകൂർ ജാമ്യ ഹരജി ഫയൽ ചെയ്തതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന സി.പി.എം, പോലീസ് വാദത്തിന് നിയമത്തിന്റെ പിൻബലമില്ലെന്നും നിമയവിദ്ഗധർ വ്യക്തമാക്കുന്നു. പിണറായി സർക്കാർ പിന്തുണയോടെയാണ് ദിവ്യയുടെയും പോലീസിന്റെയും അന്തർ നാടകങ്ങളെന്നാണ് വിമർശം.