ജിദ്ദ: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) സ്ഥാപക നേതാവും പ്രസിഡന്റുമായ മുഹമ്മദ് രാജാ കാക്കാഴം നാലുപതിറ്റാണ്ടിലെ പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു. മൂന്നു പതിറ്റാണ്ടോളം ജിദ്ദ അൽ അഹ്‌ലി സ്പോർട്സ് ക്ലബ്ബിൽ ഉദ്യോഗസ്ഥനായിരുന്നു. ഉദ്യോഗത്തിൽ നിന്നു വിരമിക്കുമ്പോൾ അൽ അഹ്‌ലി ക്ലബ്ബിൻ്റെ മെമ്പർഷിപ്പ് മാനേജരായിരുന്നു. കഴിഞ്ഞ മാസം ഔദ്യോഗികമായി വിരമിച്ചതോടെയാണ് നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചത്. കിംഗ് ഫഹദ് കോസ്റ്റൽ സിറ്റി റിക്രിയേഷൻ ആന്റ് സ്പോർട്സ് സെൻ്ററിലായിരുന്നു ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. ഏഴു വർഷത്തോളം അവിടെ തുടർന്നു.
പ്രവാസലോകത്ത് വിപുലമായ സൗഹൃദയ വലയമുള്ള മുഹമ്മദ് രാജ പ്രവാസികളുടെ നിരവധിയായ സന്നിഗ്ദഘട്ടങ്ങളിൽ സഹായകമായി വർത്തിച്ചു. കാൽ നൂറ്റാണ്ടോളം സവയുടെ നേതൃത്വത്തിൽ ഹാജി സേവന പ്രവർത്തനങ്ങൾ നിർവ്വഹിക്കാനായതും നിർദ്ധനരായ വിധവകൾ, രോഗികൾ, വിദ്യാർത്ഥികൾ, പ്രവാസികൾ എന്നിവരുടെ ജീവിത ക്ഷേമത്തിനായി തൻ്റെ പ്രവാസ ജീവിത കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ നിർവ്വഹിക്കുവാൻ കഴിഞ്ഞതും തനിക്ക് ജീവിത സായൂജ്യം നേടിയ ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നുവെന്ന് ഈ മനുഷ്യസ്നേഹി അടിവരയിടുന്നു.
എല്ലാ പ്രവാസികളും കക്ഷി രാഷ്ട്രീയത്തിനും, ജാതി മത പ്രാദേശിക വ്യത്യാസം കൂടാതെ പ്രവാസികളുടെ അവകാശങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുകയും പരസ്പരം സഹകരിച്ചും, സഹായിച്ചും പ്രയാസങ്ങൾ നേരിടുന്ന സഹോദരങ്ങളെ ചേർത്തുപിടിക്കലാണ് പ്രവാസ ലോകത്തു ചെയ്യാൻ കഴിയുന്ന സാമൂഹ്യ പ്രവർത്തനങ്ങളെന്ന് മുഹമ്മദ് രാജ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്ന്, വർഗീയത പോലെയുള്ള കാര്യങ്ങളിൽ വേണ്ടത്ര ബോധവൽക്കരണം നൽകാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ സ്ഥാപകാംഗം, രക്ഷാധികാരി, വെൽഫയർ വിഭാഗം ചെയർമാൻ, ഹജ്ജ് സെൽ ചെയർമാൻ, എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിലെ സവാ ജിദ്ദാ ഘടകം പ്രസിഡണ്ട്, ജിദ്ദ കേരള പൗരാവലി എക്സിക്യൂട്ടീവ് അംഗം, നീർക്കുന്നം പ്രവാസി ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗം എന്നീ പദവികളിലും പ്രവർത്തിക്കുന്നു.
ഭാര്യ ഹബീബയും നാലു മക്കളും അടങ്ങുന്നതാണ് കുടുംബം. മകൾ താജുന്നിസ ആലപ്പുഴ ജില്ലാ ഹോമിയോ ഹോസ്പിറ്റൽ ഉദ്യോഗസ്ഥയാണ്. മക്കൾ- റഹ്മത്തുള്ള (ഫാർമസിസ്റ്റ്), ബിലാൽ, ആബിദ് (ഇരുവരും എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ). നാട്ടിലും സാമൂഹ്യ പ്രവർത്തനങ്ങളിൽ തൻ്റെ ഇടപെടലുകളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.