ചങ്ങരംകുളം (മലപ്പുറം): കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ വ്യാപാരിയുടെ സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരിയായ തൃശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിനാണ് ബാഗിൽനിന്ന് ഒരു കോടി രൂപയോളം വിലയുള്ള ഒന്നര കിലോ സ്വർണം നഷ്ടമായത്. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.
കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം. കുറ്റിപ്പുറത്ത് നിന്നാണ് ജിബിൻ ബസിൽ കയറിയത്. തൃശൂർ ഭാഗത്തെ ജ്വല്ലറിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ സ്വർണമാണ് നഷ്ടപ്പെട്ടത്.
ബസ് എടപ്പാളിൽ എത്തിയപ്പോൾ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ചങ്ങരംകുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.